തമിഴ്‌നാട് ഈറോഡ് സ്വദേശിയായ ഡോ. കെ. നടരാജൻ പഞ്ചഗവ്യത്തിന്റെ ഫലക്ഷമതയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്. നിരീക്ഷണങ്ങൾ ‘പഞ്ചഗവ്യ എ മാനുവൽ’ എന്ന പേരിൽ ജൈവകൃഷി പ്രചാരകനായ ക്ലാഡ് അൽവാരിസ് പ്രസിദ്ധീകരിച്ചു.

തയ്യാറാക്കാം
പാരമ്പര്യരീതിയിൽനിന്ന്‌ അല്പം പരിഷ്കരിച്ച പഞ്ചഗവ്യമാണ് ഡോക്ടർ ഉണ്ടാക്കുന്നത്. അഞ്ച് കിലോഗ്രാം പച്ചച്ചാണകം, മൂന്ന് ലിറ്റർ ഗോമൂത്രം, രണ്ട് ലിറ്റർ വീതം പശുവിൻ പാലും തൈരും, 1/2 കിലോഗ്രാം പശുവിൻ നെയ്യ്, മൂന്ന് ലിറ്റർ വീതം കരിമ്പിൻ നീര്, ഇളനീര്, ഒരു ഡസൻ പഴുത്ത വാഴപ്പഴം, മൂന്ന് ലിറ്റർ കള്ള് (പകരം മുന്തിരിച്ചാറ്് ഉപയോഗിക്കാം) എന്നിവയാണ് വേണ്ട വസ്തുക്കൾ. വലിയ വാവട്ടമുള്ള മൺചട്ടി, കോൺക്രീറ്റ് ടാങ്ക്, പ്ലാസ്റ്റിക് കാൻ എന്നിവയിൽ പഞ്ചഗവ്യമുണ്ടാക്കാം. ലോഹ കണ്ടെയ്‌നറുകൾ ഒഴിവാക്കുക. ചാണകം നെയ്യുചേർത്ത് നന്നായി കുഴച്ച് മൂന്നുദിവസം വെക്കുക. ഇതിൽ ഗോമൂത്രം, പാല്, തൈര് എന്നിവ വീഴ്ത്തി നന്നായി ഇളക്കണം. തുടർന്ന് നന്നായി ഞവുടിയ വാഴപ്പഴം ചേർത്ത് മിശ്രിതമാക്കുക. 
കരിമ്പിൻ ജ്യൂസ് ഒഴിച്ച് ഇളക്കി കണ്ടെയ്‌നറിന്റെ വാവട്ടം ടൈറ്റായി അടയ്ക്കുക. 15 ദിവസംവരെ ദിവസവും രണ്ടുതവണ വാവട്ടം തുറന്ന് ഉള്ളിലെ മിശ്രിതം ഇളക്കണം. പതിനെട്ടാംദിവസം പഞ്ചഗവ്യം തയ്യാറാകും. ഇത് ആറുമാസംവരെ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാം. അരിച്ച് ഇലകളിൽ സ്‌പ്രേയായോ, നനയ്ക്കുന്ന വെള്ളത്തിൽ ചേർത്തോ വിളകൾക്ക് നൽകാം. തമിഴ്‌നാട് കാർഷിക സർവകലാശാലയും ചെന്നൈയിലെ എസ്.ജി.എസ്. ലാബും പഞ്ചഗവ്യത്തിലെ ഘടകങ്ങളെ  സംബന്ധിച്ച്  പരിശോധന നടത്തിയിട്ടുണ്ട്. 

കണ്ടെത്തലുകൾ 
മുഖ്യമൂലകങ്ങളായ എൻ.പി.കെ.ക്കു പുറമേ സോഡിയം, കാത്സ്യം, മഗ്‌നീഷ്യം, ക്ലോറൈഡ്, ബോറോൺ, മാംഗനീസ്, ഇരുമ്പ്, കോപ്പർ, സൾഫർ, ഫാറ്റി ആസിഡുകൾ എന്നിവ ഇതിൽ ഉള്ളതായി കണ്ടെത്തി. ഗുണകാരികളായ സൂക്ഷ്മജീവികളിൽ അസോസ്‌പൈറില്ലം, അസറ്റോബാക്റ്റർ, ഫോസ്‌ഫോബാക്ടീരിയ, സ്യൂഡോമോണസ് എന്നിവയാണ് പഞ്ചഗവ്യത്തിൽ  പ്രധാനമായുള്ളത്.

പ്രയോഗം
വിളകൾക്ക് ഗുണകരമായി വരുന്ന പഞ്ചഗവ്യ പ്രയോഗം: പൂവിടുന്നതിനു മുമ്പ് രണ്ടാഴ്ച ഇടവിട്ട് രണ്ടുതവണ, പൂവിടുന്ന അവസ്ഥയിൽ  പത്തു ദിവസത്തിലൊരിക്കൽ രണ്ടുതവണ, ഫലം ഉണ്ടാകുന്ന സമയത്ത് ഒരുതവണ. പൊതുവായി 100 ലിറ്റർ വെള്ളത്തിൽ മൂന്ന് ലിറ്റർ പഞ്ചഗവ്യം ചേർത്തു തളിക്കുന്നതാണ് ഉചിതം. വിത്തും തൈകളുടെ വേരും നടുംമുമ്പ് മൂന്ന് ശതമാനം പഞ്ചഗവ്യ മിശ്രിതത്തിൽ 20 മിനിറ്റ്‌ മുക്കിവെച്ചാൽ  മതിയാകും. ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെ വിത്തും മരച്ചീനി, കരിമ്പ് എന്നിവയുടെ കമ്പുകളും ഇതേ മിശ്രിതത്തിൽ 30 മിനിറ്റ്‌ മുക്കിവെച്ചശേഷം നടുക.

ഗുണങ്ങൾ
പഞ്ചഗവ്യപ്രയോഗം വിളകളിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങൾ ഇവയാണ്; ഇലകളുടെ വലുപ്പവും പച്ചപ്പും കൂടും വേരുപടലം നന്നായി വളരും പൂവിടൽ കൂടും നല്ല വിളവുണ്ടാകും.  കായ്‌കനികളുടെ മുഴുപ്പും മിനുസവും രൂചിയും ഫ്ളേവറും സൂക്ഷിപ്പുകാലവും വർധിക്കും വേനലിനെ ചെറുക്കാനുള്ള ശേഷി അധികരിക്കും. ഫോൺ: 9446175751