നല്ല കായ്‌ഫലമുള്ള മുരിങ്ങയുടെ കമ്പ് മുറിച്ചു നട്ടുവളർത്തിയ ചെടി നന്നായി വലുതായിട്ടുണ്ട്. മൂന്നുവർഷത്തോളമായി പൂക്കുന്നുമുണ്ട്. എന്നാൽ, ഒരു കായ്‌ പോലും പിടിക്കുന്നില്ല. 
-മേഴ്‌സിക്കുട്ടി

 വരണ്ട കാലാവസ്ഥയിൽ പൂക്കാനും കായ് പിടിക്കാനും ഇഷ്ടപ്പെടുന്ന വിളയാണ് മുരിങ്ങ.  മുരിങ്ങ വേണ്ടവിധം കായ് പിടിക്കാത്തതിന് പരിചരണത്തിലെ ചില പോരായ്മകളും കാരണമാകും. ഉഷ്ണകാല വിളയാണ് മുരിങ്ങ. ശരിയായ വളർച്ചയ്ക്കും കായ് പിടിത്തത്തിനും വളക്കൂറുള്ള വളർച്ചാമാധ്യമം വേണം. ഇതിന് നന്നായി വളം ചെയ്യണം. ഒപ്പം നനവ് കുറയ്ക്കുകയും വേണ്ട വിധം ശിഖരങ്ങൾ മുറിച്ചു വളർച്ച നിയന്ത്രിക്കുകയും വേണം. ഇവ മൂന്നും ഒത്തുചേർന്നാൽ മുരിങ്ങ ധാരാളം പൂക്കുകയും കായ്ക്കുകയും ചെയ്യും.
10 കിലോ ചാണകപ്പൊടി, ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, അര കിലോ രാജ്‌ഫോസ് അല്ലെങ്കിൽ മസൂറിഫോസ്, ഒരു കിലോ ചാരം എന്നിവ കലർത്തിയ വളമിശ്രിതം മുരിങ്ങയൊന്നിന് അഞ്ച് ചിരട്ട വീതം തടത്തിൽ ചേർത്തിളക്കുക. മൂന്ന്‌ മാസം കൂടുമ്പോൾ ഈ വളക്കൂട്ട് ആവർത്തിക്കാം. മരമൊന്നിന് ഏഴ്‌ കിലോ കാലിവളത്തോടൊപ്പം 100 ഗ്രാം യൂറിയയും ചേർക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. തടത്തിൽ ചുവട്ടിൽനിന്ന് രണ്ടടി മാറ്റി വേണം വളം ചേർക്കാൻ. കൂടാതെ കടലപ്പിണ്ണാക്ക് കുതിർത്തത്, ചാണകത്തെളി, ബയോഗ്യാസ് സ്ലറി തുടങ്ങിയവയും ഇടയ്ക്ക്‌ നൽകാവുന്ന ജൈവവളങ്ങളാണ്. വളം ചേർക്കും മുൻപ് ഡോളോമൈറ്റ് ചേർക്കാം. 
മരമൊന്നിന് 10 കിലോ കോഴിവളം ചേർക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. ഇത് വളപ്രയോഗത്തിന്റെ കാര്യം. മഴക്കാലത്ത്‌ വളം ചേർക്കുകയാണ് നന്ന്. വേനലായാൽ വെള്ളം ഒഴിക്കരുത്. പ്രത്യേകിച്ച് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ. കാരണം, ആ സമയത്താണ് മുരിങ്ങ പൂക്കുക. പിന്നെ വളർച്ച നിയന്ത്രിക്കാൻ കൊമ്പു കോതുക. 25-30 ഡിഗ്രി സെൽഷ്യസ് ചൂടും വളരെ കുറച്ചു മാത്രം വെള്ളവും ഉള്ളത് മുരിങ്ങ പൂക്കാൻ സഹായകമായ ഘടകങ്ങളാണ്.
ചെടി മൂന്നടി ഉയർന്നാൽ ഒന്നര വർഷം ആകുമ്പോൾ തന്നെ പരമാവധി നാലോ അഞ്ചോ ശിഖരങ്ങൾ മാത്രം വളരാൻ അനുവദിക്കുക. ബാക്കിയെല്ലാം മുറിച്ചു നീക്കണം. ശരിയായ കൊമ്പു കോതൽ, വളരെ കുറച്ചു മാത്രം ജീവൻ നിലനിർത്താൻ നന, അത്യാവശ്യ വളം ചേർക്കൽ - ഇത് മൂന്നുമാണ് മുരിങ്ങ പൂക്കാനും കായ്ക്കാനും നല്ലത്.

ആരോഗ്യത്തോടെ വളരുന്ന മത്തനിൽ ധാരാളം പെൺ-ആൺ പൂവുകളുണ്ട്. പക്ഷേ, ഒരു കായപോലും വലുതായി കിട്ടുന്നില്ല. രണ്ടിഞ്ചോളം വലുപ്പമാകുമ്പോൾ കൊഴിഞ്ഞുപോകുന്നു 
-ഹരിദാസ്

 
 ഇതിനിടയാക്കുന്നത് മൂന്നുകാരണങ്ങളാണ്. പടർന്നുവളരുന്ന തണ്ടിനേൽക്കുന്ന ചൂട്. ഇത് തടയാൻ വാഴക്കച്ചിയോ ഉണക്കപ്പുല്ലോ തണ്ടിനടിയിൽ നിരത്തിക്കൊടുക്കണം. ഇനിയൊന്ന് മണ്ണിൽനിന്നുണ്ടാകുന്ന കീടബാധ. ഇതിനുപരിഹാരമായി വേപ്പെണ്ണ മിശ്രിതമോ വേപ്പെണ്ണ-വെളുത്തുള്ളി എമൾഷനോ തളിച്ചാൽ മതി. 
മറ്റൊരു പ്രധാന കാരണം മത്തനിൽ ആൺ-പെൺ പൂക്കൾ വെവ്വേറെയാണുണ്ടാകുന്നത്. ആദ്യം ആൺപൂക്കളുണ്ടാകും. പിന്നീടാണ് പെൺപൂക്കൾ ഉണ്ടാകുക. പെൺപൂവ്‌ കണ്ടാൽത്തന്നെയറിയാം. പൂവിതളിനുതാഴെ ഒരു കുഞ്ഞുമത്തങ്ങപോലെയുണ്ടാകും. എന്നാൽ, ആൺപൂവിന് ഇത് കാണില്ല. സാധാരണ ഇതളുകളും മധ്യഭാഗത്തായി നീണ്ടുനിൽക്കുന്ന പുഷ്പകേസരവുമുണ്ടാകും. അതിനാൽ സ്വാഭാവികപരാഗണം കുറവാണ്. കൃത്രിമപരാഗണം നൽകിയില്ലെങ്കിൽ കായ്‌കളുണ്ടായെന്നുവരില്ല. ഇത് അനായാസം ചെയ്യാം.
ആൺപൂവിന്റെ ഇതളുകൾ സാവധാനം കീറിനീക്കി വിരൽപോലെ നീണ്ടുനിൽക്കുന്ന കേസരം പെൺപൂവിന്റെ മധ്യത്തിൽ കുഴിഞ്ഞിരിക്കുന്ന ഭാഗത്തേക്ക് പതുക്കെ മുഴുവനായി തട്ടുക. പൂമ്പൊടി അവിടെ പൂർണമായും വീണു എന്നുറപ്പാക്കണം. ഇതാണ് കൃത്രിമ പരാഗണരീതി. ഇത് വിജയിച്ചാൽ 3-4 ദിവസംകൊണ്ട് പൂകൊഴിഞ്ഞ്‌ കായവളരാൻ തുടങ്ങുന്നത് കാണാം. ഇതുചെയ്തില്ലെങ്കിൽ പൂ കൊഴിഞ്ഞുപോകുകയും ചെയ്യാം.
രാവിലെ വേണം കൃത്രിമപരാഗണം ചെയ്യാൻ. ഒപ്പം വളർച്ച ത്വരപ്പെടുത്താൻ ജൈവവളക്കൂട്ട് ചേർക്കുന്നതും നന്ന്. ഇതിന് ഒരുകിലോ പച്ചച്ചാണകം അഞ്ചുലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തെളിയൂറ്റി ഇടയ്ക്ക്‌ തടത്തിൽ ഒഴിച്ചുകൊടുക്കാം. കൂടാതെ മൈക്രോഫുഡ് എന്ന വളം മത്തൻതടത്തിൽനിന്ന് 15 സെ.മീ. വട്ടത്തിൽ മണ്ണിളക്കി 10 ഗ്രാം ചേർത്ത്‌ പുതയിടുന്നതും വളർച്ച ദ്രുതഗതിയിലാക്കും.

തയ്യാറാക്കിയത്:  സുരേഷ് മുതുകുളം