ഉയർന്ന പാൽ, മാംസോത്‌പാദനത്തിനും പ്രത്യുത്‌പാദനക്ഷമതയ്ക്കും ഒരുപോലെ പേരുകേട്ടവയാണ് ബീറ്റൽ ആടുകൾ. ആകാരം, ശരീരതൂക്കം, പാലുത്‌പാദനം എന്നിവയുടെ കാര്യത്തിൽ ജമുനാപ്യാരി ആടുകൾക്ക് പിന്നിലാണെങ്കിലും പ്രത്യുത്‌പാദനക്ഷമതയിലും കാലാവസ്ഥയോടുള്ള ഇണക്കത്തിലും ബീറ്റൽ ആടുകൾ മുന്നിലാണ്. 

പെണ്ണാടുകളെ 11-12 മാസം പ്രായമെത്തുമ്പോൾ ഇണചേർക്കാം. 16-17 മാസം പ്രായമെത്തുമ്പോൾ ആദ്യപ്രസവം നടക്കും. രണ്ടും മൂന്നും കുഞ്ഞുങ്ങൾ ഒറ്റ പ്രസവത്തിലുണ്ടാകും. നല്ലതുപോലെ പാൽ നൽകി വളർത്തിയാൽ മികച്ച വളർച്ചാനിരക്കുള്ള കുഞ്ഞുങ്ങൾ മൂന്നുനാല്‌ മാസംകൊണ്ട് 20 കിലോയോളം തൂക്കം വരും. പ്രസവം കഴിഞ്ഞ ആടുകളിൽ കറവക്കാലം ഏകദേശം ആറ് മാസത്തോളം നീണ്ടുനിൽക്കും. 
ദിവസം ശരാശരി 2.5 മുതൽ മൂന്ന് ലിറ്റർ വരെ പാൽ ലഭിക്കും. പ്രസവം കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോൾ വീണ്ടും ഇണചേർക്കാം. രണ്ട് പ്രസവം തമ്മിൽ 10 മുതൽ 11 മാസം ഇടവേളയുണ്ടാകും. പൂർണവളർച്ച കൈവരിച്ച ബീറ്റൽ മുട്ടനാടുകൾക്ക് ശരാശരി 70 മുതൽ  120 കിലോഗ്രാം വരെ തൂക്കമുണ്ടാവും. പെണ്ണാടുകൾക്ക് 50 മുതൽ 70 കിലോഗ്രാംവരെ തൂക്കമുണ്ടാകും. നല്ല വളർച്ചയും തൂക്കവും ഉള്ളതുകൊണ്ടുതന്നെ ധാരാളം തീറ്റ കഴിക്കുന്നവയുമാണ് ബീറ്റൽ ആടുകൾ. 
മുതിർന്ന ഒരാടിന് പ്രതിദിനം അഞ്ച്‌ കിലോഗ്രാംവരെ തീറ്റപ്പുല്ല്, വൃക്ഷയിലകൾ എന്നിവയടങ്ങിയ പരുഷാഹാരവും ശരീരതൂക്കത്തിന്റെ ഒരു ശതമാനം എന്ന കണക്കിൽ പിണ്ണാക്കും തവിടും ധാന്യപ്പൊടികളും അടങ്ങുന്ന സാന്ദ്രീകൃതതീറ്റയും നൽകേണ്ടതുണ്ട്.  
തീറ്റച്ചെലവ് പൊതുവേ കൂടുതലാണെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് മികച്ച ശരീരതൂക്കം കൈവരിക്കുന്ന ഗുണമേന്മയുള്ള കുഞ്ഞുങ്ങളുടെ വിൽപ്പനയിലൂടെയും പാൽ വിപണനത്തിലൂടെയും മുടക്കുമുതൽ എളുപ്പത്തിൽ തിരിച്ചുപിടിക്കാൻ കഴിയും എന്നത് ഉറപ്പാണ്.