?വീട്ടുപറമ്പിലെ മാവ്, സപ്പോട്ട തുടങ്ങിയ മരങ്ങളിലും കോവൽ, പയർ വള്ളികളിലും ധാരാളമായി പുളിയുറുമ്പുകൾ കൂടുകൂട്ടിയതായി കാണുന്നു. എന്താണ് പ്രതിവിധി?. ഇലകൾക്ക് ദോഷം ചെയ്യുമോ?. 
-കെ. അജിത, തൃശ്ശൂർ

= യഥാർഥത്തിൽ പുളിയുറുമ്പുകൾ (നീർ) കൃഷിയിടത്തിലെ വിളകളുടെ കാവൽക്കാരാണ്. പ്രത്യേകിച്ച് വീട്ടുവളപ്പിലെയും മട്ടുപ്പാവിലെയും പച്ചക്കറി-അടുക്കളത്തോട്ടങ്ങളിൽ. അത്യാവശ്യം വലിയ കശുമാവ്, റബ്ബർ, മാവ് തോട്ടങ്ങളിലും പുളിയുറുമ്പുകൾ അനുഗ്രഹമാകുന്ന ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്. കശുമാവിന്റെ മുഖ്യശത്രുവായ തേയിലക്കൊതുകിനെ തുരത്താൻ കണ്ണൂർ, തൃശ്ശൂർ ജില്ലകളിലെ പല പ്രമുഖ കർഷകരും തോട്ടത്തിൽ പുളിയുറുമ്പുകളെ വളർത്തുന്നുണ്ട്.

ഇതിനായി ഉറുമ്പുകളെ കയർ കെട്ടി തോട്ടത്തിലേക്ക് വരുത്തുകയാണ് ചെയ്യുന്നത്. റബ്ബറിന്റെ ശല്യക്കാരനായ മുപ്ലി വണ്ടുകളെ നശിപ്പിക്കാൻ പുളിയുറുമ്പുകളെ കൂട്ടമായി ശേഖരിച്ചു മുപ്ലിവണ്ടികളുള്ളിടത്തു നിക്ഷേപിച്ചപ്പോൾ അവ വണ്ടുകളെ വളരെ ഫലപ്രദമായി വരുതിയിലാക്കി. പച്ചക്കറിത്തോട്ടത്തിലാകട്ടെ മുഞ്ഞ, പുഴു, കായീച്ച, വെള്ളീച്ച എന്നുവേണ്ട ഒട്ടേറെ ഉപദ്രവകാരികളായ കീടങ്ങളുടെ മുട്ടകളും പുഴുക്കളും ഉറുമ്പുകൾ നിമിഷനേരംകൊണ്ട് തിന്നുതീർക്കും. കാരണം ഇവയ്ക്കു മാംസാഹാരം എപ്പോഴും ഇഷ്ടമാണ്. ഇവ സ്വന്തം ശരീരത്തിലുള്ള ഫോർമിക് ആസിഡ് കീടങ്ങളുടെ ദേഹത്ത് തളിച്ചാണ് അവയെ കീഴടക്കുന്നതും നശിപ്പിക്കുന്നതും.

പുളിയുറുമ്പുകളുടെ ശല്യം പരിധിവിട്ടാൽ ചോണനുറുമ്പുകളെക്കൊണ്ട് അവയെ നിയന്ത്രിക്കാൻ സാധിക്കും. വൻകിട തോട്ടങ്ങളിൽ മറ്റു ഒരു കൃഷിപരിപാലനവും സാധ്യമാകാത്ത വിധം ഉറുമ്പുശല്യം രൂക്ഷമാകുന്നെങ്കിലേ കീടനാശിനിപ്രയോഗം കഴിയൂ. ഇതിനു പര്യാപ്തമായ വിവിധ ഉറുമ്പുനാശിനികൾ വിപണിയിലുണ്ട്. പലതും രൂക്ഷവിഷമാണ്. ഇവ കൈകാര്യം ചെയ്യുമ്പോഴും പ്രയോഗിക്കുമ്പോഴും ജാഗ്രത വേണം. മാത്രമല്ല, ചിലതൊക്കെ തളിക്കുന്നത് പരാഗകാരികളായ തേനീച്ചകൾക്കും ദോഷമാകാം. കൂടുതൽ ഫലപ്രദം ഉറുമ്പുനാശിനികളാവാമെങ്കിലും വീട്ടുതോട്ടങ്ങളിൽ അപായസാധ്യതയും പുളിയുറുമ്പുകളുടെ ഉപകാരസ്വഭാവവും പരിഗണിച്ചു രാസകീടനാശിനികൾ ശുപാർശ ചെയ്യാറില്ല.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം