കാസർകോടുള്ള കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച തെങ്ങ്, കമുക്, കൊക്കോ കർഷകർക്കുള്ള മൊബൈൽ ആപ്പാണ് ഇ-കല്പ (e-kalpa). പ്ലേസ്റ്റോറിൽനിന്നും ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഇതിൽ വിവരങ്ങൾ ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞ്‌ ഫോൺ നമ്പർ, യൂസർ നെയിം, പാസ്‌വേർഡ് എന്നിവ നൽകി രജിസ്റ്റർചെയ്തശേഷം ഏതു ഭാഷയിലാണ് വിവരങ്ങൾ വേണ്ടതെന്ന്‌ തിരഞ്ഞെടുക്കണം.

ഓഫ്‌ലൈനായും ഓൺലൈനായും ഉപയോഗിക്കാം. ഓഫ്‌ലൈനായി ഉപയോഗിക്കുമ്പോൾ വിജ്ഞാനസമാഹാരം, വിളവിവരം എന്നീ വിൻഡോകൾ ദൃശ്യമാകും. ‘വിജ്ഞാന സമാഹാരത്തിൽ’ മൂന്നു വിളകളുടെയും പരിപാലനമുറകൾ, ഇനങ്ങൾ, വളപ്രയോഗം, സസ്യസംരക്ഷണം തുടങ്ങി വിളവെടുപ്പ്, സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങളെക്കുറിച്ചുവരെയുള്ള വിവരങ്ങൾ സമഗ്രമായി ഉൾപ്പെടുത്തിയിരിക്കുന്നു. 

യന്ത്രങ്ങളുടെ ലഭ്യതയും വിലയുംവരെ അറിയാം. വിളവിവരത്തിൽ മൂന്നു വിളകൾക്കു പുറമേ ഇടവിളകളായി വളർത്താവുന്നവയുടെ വിശദമായ കൃഷിരീതികളുണ്ട്. input calculator ഉപയോഗിച്ച് തെങ്ങിന്റെ പ്രായത്തിനനുസരണമായി കൊടുക്കേണ്ട വളത്തിന്റെ അളവ് കണക്കാക്കാം.

ഓൺലൈനായി ഉപയോഗിക്കുമ്പോൾ പ്രധാന ആകർഷണം ‘കർഷകസഹായി’ ആണ്. ഇതിൽ ക്ലിക്ക് ചെയ്ത്‌ കൃഷിയിലെ പ്രശ്നം അവതരിപ്പിക്കാം. മൊബൈലിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്തോ പ്രശ്നത്തിന്റെ ലഘുവിവരണം ടൈപ്പ് ചെയ്തോ നൽകാവുന്നതാണ്.  ജി.പി.എസ്. ടാഗിങ്ങിലൂടെ കർഷകന്റെ കൃഷിയിടം സ്ഥിതിചെയ്യുന്ന സ്ഥലംകൂടി തിട്ടപ്പെടുത്തിയശേഷം വിദഗ്ധർ പരിഹാരനടപടികൾ നിർദേശിക്കുന്നു. ‘കർഷക ഡയറി’ എന്ന വിൻഡോയിൽ ക്ലിക്ക് ചെയ്ത്‌ കൃഷിയുടെ നാൾവഴി ചുരുക്കമായി രേഖപ്പെടുത്താം.  ‘സമന്വയകൃഷി’ വിവരങ്ങളും മനസ്സിലാക്കാം. ‘വിജ്ഞാന സമാഹാരം’ എന്ന വിൻഡോയിൽ ക്ലിക്ക് ചെയ്ത്‌ വിളകളുമായി ബന്ധപ്പെട്ട വിജ്ഞാനക്കുറിപ്പുകൾ വായിക്കാനും അവസരമുണ്ട്.