: കൃഷിചെയ്യാൻ ഭൂമിയും സമയവും ഇല്ലാത്തവർക്ക് ഇനി സ്വന്തം വീട്ടുമുറ്റത്ത് കൃഷിയിറക്കാം. തോട്ടമൊരുക്കാൻ നിലമൊരുക്കുകയോ  മണ്ണും വളവും കീടനാശിനിയും പണിക്കാരെയും തേടിയും അലയുകയോ വേണ്ട. ആധുനികകൃഷി രീതിയായ ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കൃഷിരീതികളാണ് സാധാരണക്കാർക്കും വീട്ടുമുറ്റത്തോ, ബാൽക്കണിയിലോ, മട്ടുപ്പാവിലോ കൃഷിത്തോട്ടം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നത്. താത്പര്യവും അല്പം സമയവും ചെലവഴിക്കാമെങ്കിൽ വീട്ടിലേക്കാവശ്യമായ മുഴുവൻ വിഷരഹിത പച്ചക്കറികളും മീനും ഈ രീതിയിൽ ഉത്പാദിപ്പിക്കാം.  

ഹൈഡ്രോപോണിക്സ്
വെള്ളത്തിൽ അലിയുന്ന വളങ്ങൾ ഉപയോഗിച്ചുള്ള കൃഷിരീതിയാണിത്. വളലായനികൾ പരിചംക്രമണം ചെയ്തുകൊണ്ടുള്ള  ഈ കൃഷിരീതിയിൽ സാധാരണ  കൃഷിക്ക് വേണ്ടതിന്റെ അഞ്ചുമുതൽ 10 ശതമാനം വരെ വെള്ളം മാത്രം മതി. വെള്ളവും വളവും ഒട്ടും നഷ്ടപ്പെടാതെ പൂർണമായി കൃഷിക്ക് ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ചെടികൾക്കാവശ്യമായ വളങ്ങൾ വെള്ളത്തിൽ അലിഞ്ഞുചേരുന്നതിനാൽ ചെടികളുടെ വേരുകൾക്ക് വളംതേടി ദൂരെ പോകേണ്ടതില്ല. അതിനാൽ ചെടികൾക്ക് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഊർജം കൂടി ഇലകളുടെയും തണ്ടുകളുടെയും വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താം.  വേര് പിടിക്കാനാവശ്യമായ പോഷക ലായനി, നാട/കുഴൽ, ഗ്രോ മീഡിയം, എന്നിവയാണ് ഈ കൃഷിക്ക് വേണ്ടത്.
ന്യൂട്രിയന്റ് ഫിലിം ടെക്നിക്, ഡച്ച് ബെ‍ഞ്ച് സിസ്റ്റം, ഡീപ് വാട്ടർ കൾച്ചർ എന്നിവയാണ് ഹൈഡ്രോപോണിക്സ് കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ കൃഷിരീതികൾ. ന്യൂട്രിയന്റ് ഫിലിം സിസ്റ്റവും ഡീപ് വാട്ടർ കൾച്ചർ സിസ്റ്റവും കൂടുതലായി ചീരവർഗങ്ങൾ കൃഷി ചെയ്യാനാണ് ഉപയോഗിക്കുന്നത്. പച്ചക്കറി കൃഷിക്കാണ് ഡച്ച്‌ ബെഞ്ച് സിസ്റ്റം ഉപയോഗിക്കുന്നത്.

അക്വാപോണിക്സ് 
മീൻ വളർത്തലും കൃഷിയും ഒന്നിച്ചു നടത്തുന്ന രീതിയാണ് അക്വാപോണിക്സ്. ടാങ്കിൽ മീനുകളും അതിനു മുകളിലോ, അരികിലോ പച്ചക്കറികളും ഈ രീതിയിൽ കൃഷിചെയ്യാം. അഞ്ച് സെന്റ് സ്ഥലമുണ്ടങ്കിൽ വാണിജ്യാടിസ്ഥാനത്തിൽ പോലും ഈ രീതിയിൽ കൃഷിയിറക്കാം.  ടാങ്കിൽ വളർത്തുന്ന മീനിന്റെ കാഷ്ഠം ചെടികൾക്ക് വലിച്ചെടുക്കാവുന്ന വളമാക്കി മാറ്റുന്നതാണ് ഈ കൃഷിരീതി. മീൻ കാഷ്ഠത്തിൽ അടങ്ങിയ ഫോസ്‌ഫറസും പൊട്ടാഷുമാണ് ഇതിലെ പ്രധാന വളം. ചെടികൾ മറഞ്ഞു വീഴാതിരിക്കാൻ കല്ലുകൾ, ചരൽ എന്നിവ നിറച്ച് താങ്ങ് നൽകുന്നത് കൂടുതൽ ഗുണം ചെയ്യും. 
കുളം/ടാങ്കിൽനിന്ന് വെള്ളം പൈപ്പ് വഴി പമ്പ് ചെയ്താണ് മുകൾത്തട്ടിലോ, അരികിലോയുള്ള ചെടികൾക്ക് എത്തിക്കുന്നത്. മത്സ്യങ്ങൾക്ക് നൽകിയ ഭക്ഷണാവശിഷ്ടങ്ങളും മത്സ്യക്കാഷ്ഠവും കലർന്ന വളസമ്പന്നമായ വെള്ളമാണ് ചെടികളിലെത്തുന്നത്. കട്‌ല, രോഹു, തിലാപ്പിയ, കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് കുളത്തിൽ വളർത്താൻ നല്ലത്. പയർ, തക്കാളി, സലാഡ് കുക്കുമ്പർ, കാബേജ്, കോളിഫ്ലവർ, ചീര, ലറ്റ്യൂസ്, പാലക്ക്, വെണ്ട, വഴുതന, മുളക്, ക്യാപ്സിക്കം, മിന്റ് തുടങ്ങിയ വിളകൾ വളർത്താം. ഗുണനിലവാരമുള്ള പച്ചക്കറികൾക്കൊപ്പം വിഷം കലരാത്ത മീനുകളെയും വളർത്താമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. അക്വാപോണിക്സിൽ മീഡിയ ബെഡ് സിസ്റ്റം, റാഫ്റ്റ് സിസ്റ്റം ന്യൂട്രിയന്റ് ഫിലിം സിസ്റ്റം എന്നീ അനുബന്ധ കൃഷി രീതികളുമുണ്ട്. റാഫ്റ്റ് രീതിയിൽ ഇലക്കറികളും ബെഡ് സിസ്റ്റത്തിൽ കായ്കനികളും വളർത്താം. നാലോ അഞ്ചോ തട്ടുകളായും ഈ രീതിയിൽ കൃഷി ചെയ്യാം. ചെടികൾ ഉപയോഗിച്ച ശേഷമുള്ള വെള്ളം കുഴൽ വഴി കുളം/ടാങ്കിൽ ശേഖരിക്കുന്നതിനാൽ ഒരു തുള്ളി വെള്ളം പോലും പാഴാകുന്നില്ലെന്നതും ഈ കൃഷിരീതിയുടെ പ്രത്യേകതയാണ്. 

പരിശീലനം
തൃശ്ശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ ഹൈ-ടെക് റിസർച്ച് അൻഡ് ട്രെയിനിങ് യൂണിറ്റിൽ ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കൃഷിയിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവരങ്ങൾക്ക്: 7025498850. 

കേരളത്തിന് ഏറെ സാധ്യത
അക്വോപോണിക്സ്, ഹൈഡ്രോപോണിക്സ് കൃഷിരീതികൾക്ക് കേരളത്തിൽ ഏറെ സാധ്യതകളാണുള്ളത്. വരും കാലത്ത് ഈ കൃഷിരീതികൾക്ക് ഏറെ സാധ്യതകളാണുള്ളത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ഇത് ഒരു സ്വയംതൊഴിലായും തിരഞ്ഞെടുക്കാം. 
- ഡോ. പി. സുശീല, 
അസോസിയേറ്റ് പ്രൊഫസർ, ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിങ് യൂണിറ്റ്, കാർഷിക സർവകലാശാല, തൃശ്ശൂർ