ബെംഗളൂരു: ചിക്കബെല്ലാപുരയിൽ തക്കാളിത്തോട്ടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രകോപിതരായ ബന്ധുക്കൾ തോട്ടമുടമയെ തല്ലിക്കൊന്നു. ഗൗരിബിദനൂർ താലൂക്കിലെ ചരകമാറ്റേനഹള്ളിയിലാണ് സംഭവം. തക്കാളിക്ക് വിലകൂടിയതിനെത്തുടർന്ന് മോഷ്ടാക്കളെ ഭയന്ന് തോട്ടത്തിനുചുറ്റും സ്ഥാപിച്ച കമ്പിവേലിയിലൂടെ ഉടമ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതറിയാതെ വേലിയിൽ സ്പർശിച്ച പ്രദേശവാസിയായ വസന്ത് റാവു (28) ആണ് ഷോക്കേറ്റ് മരിച്ചത്. വിവരമറിഞ്ഞെത്തിയ ഇയാളുടെ ബന്ധുക്കളും നാട്ടുകാരുംചേർന്ന് സ്ഥലമുടമയായ അശ്വത് റാവു (50) വിനെ പിടികൂടി മർദിക്കുകയായിരുന്നു. തോട്ടത്തിനുള്ളിലെ ഫാംഹൗസിൽ ഇരിക്കുകയായിരുന്നു റാവു. അടിയേറ്റുവീണ ഇയാളെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാപകമായി തക്കാളി കൃഷിചെയ്യുന്ന പ്രദേശമാണ് ചരകമാറ്റേനഹള്ളി. വില വർധിച്ചതോടെ തോട്ടമുടമകൾ തങ്ങളുടെ തോട്ടങ്ങൾക്ക് കാവൽ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അശ്വത് റാവു തോട്ടത്തിനുചുറ്റുമുള്ള കമ്പിവേലിയിൽ വൈദ്യുതി കടത്തിവിട്ടത്. മൂന്നുദിവസംമുമ്പ് കന്നുകാലികൾ ഷോക്കേറ്റ് ചത്തതിനെത്തുടർന്ന് പ്രദേശവാസികൾ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വേലിയിൽനിന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കാൻ ഇയാൾ തയ്യാറായില്ല. കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് വസന്ത്‌റാവുവിന് ഷോക്കേറ്റത്. സംഭവത്തിൽ കേസെടുത്ത മഞ്ചെനഹള്ളി പോലീസ് അന്വേഷണം തുടങ്ങി.