ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് രാജ്യമെങ്ങും തൊഴിലില്ലായ്മദിനമായി ആചരിച്ചു.

കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മനിരക്കാണ് ബി.ജെ.പി. സർക്കാരിന്റെ ഏഴുവർഷത്തെ ഭരണത്തിൽ ഉണ്ടായതെന്നും നരേന്ദ്ര മോദി തൊഴിലില്ലായ്മയുടെ പിതാവാണെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് പറഞ്ഞു. മോദിഭരണത്തിൽ കഴിഞ്ഞ ഒരുവർഷംമാത്രം തൊഴിലില്ലായ്മ 2.4 ശതമാനത്തിൽനിന്ന് 10.3 ശതമാനമായി ഉയർന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

തൊഴിലില്ലായ്മദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാക്കൾ തലസ്ഥാനത്ത് പതാകജാഥ നടത്തി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ജാഥയ്ക്ക് ദേശീയ സെക്രട്ടറി ഭയ്യാ പവാർ, സംസ്ഥാന ചുമതലയുള്ള ഖുശ്ബു ശർമ എന്നിവർ നേതൃത്വം നൽകി. ‘മോദി സർക്കാർ വന്നു, തൊഴിലില്ലായ്മ കൊണ്ടുവന്നു’ -എന്ന 200 മീറ്റർ നീളമുള്ള ബാനറുമേന്തിയായിരുന്നു പ്രതിഷേധം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമാന പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി സാമൂഹികമാധ്യമങ്ങളിൽ ‘നിങ്ങളുടെ ശബ്ദമുയർത്തൂ’ പരിപാടിയും യുവജന സംഘടന നടത്തി. ട്വിറ്ററിൽ മാത്രം 10 ലക്ഷത്തിലധികം പേർ ഇതിൽ പങ്കാളികളായതായി ബി.വി. ശ്രീനിവാസ് പറഞ്ഞു.

bbഏഴിന ദിനാചരണവുമായി കോൺഗ്രസ്

bbപ്രധാനമന്ത്രിയുടെ ജന്മദിനം രാജ്യമെങ്ങും ആചരിക്കുന്നത് ഏഴുവിധത്തിലാണെന്ന് കോൺഗ്രസ്. തൊഴിലില്ലായ്മ ദിനം, കർഷകവിരുദ്ധ ദിനം, വിലക്കയറ്റദിനം, സാമ്പത്തികത്തകർച്ചദിനം, ചങ്ങാത്ത മുതലാളിദിനം, ഇ.ഡി.-ഐ.ടി.-സി.ബി.ഐ. റെയ്ഡ് ദിനം, കൊറോണ ദുർനിർവഹണദിനം എന്നിങ്ങനെയാണ് ജന്മദിനാഘോഷമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയാ ശ്രീനാഥെ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഈ തലങ്ങളിലെല്ലാം മോദി പരാജയപ്പെട്ടു. എല്ലാ വാഗ്ദാനങ്ങളുമുണ്ടായിട്ടും ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഇവിടെയാണ്. കർഷകർ ഒമ്പതുമാസമായി സമരം ചെയ്യുന്നു. പാചകവാതകം, ഇന്ധനം, ഭക്ഷ്യ എണ്ണ, അവശ്യസാധനങ്ങൾ എല്ലാത്തിനും വിലകൂടി. നോട്ടുനിരോധനവും ജി.എസ്.ടി.യും സാമ്പത്തികരംഗത്തെ തളർത്തി. കുറച്ചുമുതലാളിമാർക്കുമാത്രമാണ് സർക്കാരിന്റെ ഗുണം ലഭിക്കുന്നത്. കോവിഡ് കാലത്ത് വാക്സിൻ-ഓക്സിജൻ ക്ഷാമത്താൽ ജനം വലഞ്ഞു. ഇ.ഡി.-ഐ.ടി.- സി.ബി.ഐ. സംവിധാനങ്ങളെ വിരുദ്ധമായി ഉപയോഗിക്കുന്നു -സുപ്രിയ കുറ്റപ്പെടുത്തി.