മൈസൂരു: അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവതിയെയും ആൺസുഹൃത്തിനെയും ഭർത്താവും അയാളുടെ സഹോദരനും ചേർന്ന് പരസ്യമായി വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ജില്ലയിലെ നഞ്ചൻകോട് താലൂക്കിലെ ഹെമ്മാരഗാല ഗ്രാമത്തിലാണ് സംഭവം.

വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 30 വയസ്സുള്ള യുവതി അഞ്ചുവർഷംമുമ്പ് ഭർത്താവുമായി വേർപിരിഞ്ഞ് സ്വന്തം മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കുടകിലെ കാപ്പിത്തോട്ടത്തിലാണ് യുവതി ജോലിചെയ്തിരുന്നത്. ഇതിനിടെ ഒപ്പം ജോലിചെയ്തിരുന്ന 24-കാരനുമായി യുവതി അടുപ്പത്തിലായി. വെള്ളിയാഴ്ച യുവാവിനെ യുവതി വീട്ടിലേക്ക് ക്ഷണിച്ചു. വിവരമറിഞ്ഞ് യുവതിയുടെ ഭർത്താവ് രവിയും അയാളുടെ സഹോദരൻ ചന്ദ്രുവും വീട്ടിൽ അതിക്രമിച്ച് കയറി ഇരുവരെയും പിടിച്ചിറക്കി വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മണിക്കൂറുകളോളം മർദിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഗ്രാമവാസികൾ തടിച്ചുകൂടിയെങ്കിലും ഇവരെ രക്ഷപ്പെടുത്താൻ കൂട്ടാക്കിയില്ല. ഒടുവിൽ ഗ്രാമത്തിലെ മുതിർന്നവർ ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. ഇരുവരെയും കെട്ടിയിട്ട് മർദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

യുവാവുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം യുവതി നിഷേധിച്ചു. ചായ കുടിക്കാൻവേണ്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും യുവതി പറഞ്ഞു. ഒളിവിൽപ്പോയ ഭർത്താവിന്റെ സഹോദരനായി തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി.