ബെംഗളൂരു: കേരളത്തിൽ ജോലി ചെയ്തതിന് ശേഷം മടങ്ങിയെത്തിയ കന്നഡ യുവാവിനെയും കുടുംബത്തെയും നിപ വൈറസ് ഭീതിയുടെ പേരിൽ നാട്ടുകാർ ഒറ്റപ്പെടുത്തുന്നു.

നിപ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടും ഗദഗ് സ്വദേശിയായ ഗംഗാധർ ബാദിഗെറിനും കുടുംബത്തിനുമാണ് അവഗണന നേരിടുന്നത്. കോഴിക്കോട്ട് ട്രാക്ടർ ഡ്രൈവറായ ഗംഗാധറിന് നാട്ടിൽ മടങ്ങിയെത്തിയ ശേഷം പനി പിടിപെട്ടിരുന്നു. നിപ വൈറസാണെന്ന സംശയത്തെത്തുടർന്ന് ശരീരസ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ പരിശോധനയിൽ ഇതല്ലെന്ന് തെളിഞ്ഞു.

മേയ് 21-നാണ് ഗംഗാധർ കേരളത്തിൽനിന്ന് തിരിച്ചെത്തിയത്. ആശുപത്രിയിൽ മറ്റു രോഗികൾ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നെന്ന് ഗംഗാധർ പറഞ്ഞു. ജീവനക്കാർ നല്ല രീതിയിൽ പെരുമാറിയെങ്കിലും രോഗികളുടെ പൊതുശൗചാലയവും കാന്റീനും ഉപയോഗിക്കുന്നതിൽ നിന്ന്‌ വിലക്കി. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ടും നാട്ടുകാരുടെ ഒറ്റപ്പെടുത്തൽ തുടരുകയാണെന്നും ഗംഗാധർ പറഞ്ഞു.

പനി വന്നതിനുശേഷം വീട്ടിൽ ആരും വരാറില്ലെന്നും വീടിന് പുറത്തിറങ്ങിയാൽ ഭർത്താവ് മരിച്ചോ എന്നാണ് ആളുകൾക്ക് അറിയേണ്ടതെന്നും ഗംഗാധറിന്റെ ഭാര്യ ശാരദ പറയുന്നു. മരിച്ചാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരരുതെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. ബസിലും ഓട്ടോയിലും കയറാനും അനുവദിക്കുന്നില്ല. പൂർണമായും സുഖം പ്രാപിച്ചിട്ടും നാട്ടുകാരുടെ അവഗണനയിൽ വിഷമിക്കുകയാണ് ഗംഗാധറും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം.