ബെംഗളൂരു: ചരക്കുതീവണ്ടിക്കു മുകളിൽക്കയറി ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റു. ബെംഗളൂരു സ്വദേശിയായ 22-കാരനാണ് ഷോക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ സിറ്റി റെയിൽവേ സ്റ്റേഷനിലാണ് അപകടം.

മൈസൂരുവിൽനിന്നെത്തിയ ചരക്കുതീവണ്ടിയുടെ മുകളിൽക്കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന ഹൈടെൻഷൻ വൈദ്യുതിക്കമ്പിയിൽ തട്ടുകയായിരുന്നു. ഇതോടെ യുവാവ് താഴേക്ക് തെറിച്ചുവീണു. റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കർണാടകത്തിൽ മുമ്പും തീവണ്ടിക്കു മുകളിൽക്കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാണ്ഡ്യയിൽ കുളത്തിലിറങ്ങി ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ പതിനേഴുകാരി മുങ്ങിമരിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. തുടർന്ന് ‘ടിക്‌ടോക്’ നിരോധിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു.

Content Highlight: Young man was electrocuted while making a Tik Tok