ന്യൂഡൽഹി: കർഷകപ്രക്ഷോഭം നടക്കുന്ന ഡൽഹി-ഹരിയാണ അതിർത്തിയിലെ സിംഘുവിൽ ഇടതുകൈയും വലതുകാലും വെട്ടിയ നിലയിൽ സിഖ് യുവാവിന്റെ മൃതദേഹം പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കി. പഞ്ചാബ് താൺ തരൺ സ്വദേശിയും കർഷകത്തൊഴിലാളിയുമായ ലഖ്ബീർ സിങ്ങാണ് (35) കൊല്ലപ്പെട്ടത്. സിഖ് വിശുദ്ധഗ്രന്ഥം അശുദ്ധമാക്കിയെന്ന് ആരോപിച്ച് നിഹാങ് വിഭാഗക്കാരാണ് (സായുധരായി നടക്കുന്ന സിഖുകാർ) ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഉത്തരവാദിത്വമേറ്റ് സരവ്ജിത് സിങ് എന്ന നിഹാങ് വെള്ളിയാഴ്ച രാത്രി പോലീസിൽ കീഴടങ്ങി.

യുവാവ് രക്തത്തിൽ കുളിച്ചുകിടക്കുന്നതും ചുറ്റുംനിന്ന് നിഹാങ്ങുകൾ ചോദ്യംചെയ്യുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സോനെപത്തിലെ കുണ്ട്‌ലി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊല്ലപ്പെട്ടയാളും നിഹാങ്ങുകളും സംയുക്ത കിസാൻമോർച്ചയുടെ ഭാഗമല്ലെന്ന് കർഷകനേതാക്കൾ വ്യക്തമാക്കി. ആരും നിയമം കൈയിലെടുക്കുന്നതു ശരിയല്ലെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ പോലീസുമായി സഹകരിക്കുമെന്നും കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു. കർഷകസമരകേന്ദ്രത്തിലെ ക്രൂരമായ കൊലപാതകത്തിൽ കർശന നടപടിയുണ്ടാവുമെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പ്രതികരിച്ചു.

വെള്ളിയാഴ്ച രാവിലെ അഞ്ചിനാണ് പോലീസിനു സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. പോലീസെത്തിയപ്പോൾ ആദ്യം ചിലർ എതിർത്തെങ്കിലും പിന്നീട് സഹകരിച്ചു. മൃതദേഹം സോനെപത്ത് സിവിൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘം തെളിവെടുപ്പു നടത്തി.

നിഹാങ്ങുകൾക്കൊപ്പം സിംഘുവിൽ കഴിയുകയായിരുന്നു മരിച്ച ലഖ്ബീർ സിങ്ങെന്നും കഴിഞ്ഞദിവസം രാത്രിയാണ് സിഖ് ഗ്രന്ഥത്തെച്ചൊല്ലിയുള്ള തർക്കമുണ്ടായതെന്നും കർഷകനേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. പ്രശ്‌നം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തണമായിരുന്നു. അതിനുപകരം നിയമം കൈയിലെടുത്തതു ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഭവത്തിന്റെ ഉത്തരവാദിത്വം നിഹാങ്ങുകൾ ഏറ്റെടുത്തതായി കിസാൻ മോർച്ച പറഞ്ഞു.

ദൃശ്യങ്ങളിൽ ഇങ്ങനെ:

യുവാവിനെ ഒരുസംഘം വളഞ്ഞ് ചോദ്യംചെയ്യുന്നതും രക്തത്തിൽ കുളിച്ചു നിൽക്കുന്നതും മണ്ണിൽ വീണു കിടക്കുന്നതുമായ മൂന്നു വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒന്നിൽ, കൂടി നിൽക്കുന്നവർ നീ എവിടെ നിന്നു വന്നെന്നു ചോദിക്കുന്നു. അയാൾ പഞ്ചാബി ഭാഷയിൽ മറുപടി നൽകുകയും നിഹാങ്ങുകളോട് അപേക്ഷിക്കുകയും ചെയ്യുന്നു. മതഗ്രന്ഥം അശുദ്ധമാക്കാൻ ആരാണ് നിന്നെ പറഞ്ഞയച്ചതെന്നാണ് ആവർത്തിച്ചുള്ള ചോദ്യം. അയാൾ പഞ്ചാബിയാണെന്നും ഇതൊരു ഹിന്ദു-സിഖ് വിഷയമാക്കേണ്ടതില്ലെന്നും കൂട്ടത്തിലുള്ള മറ്റൊരാൾ പറയുന്നു. ചിലർ മതസൂക്തങ്ങൾ ഉരുവിടുന്നു.

നിഹാങ്ങുകൾ ഇടതുകൈ ഛേദിച്ച ലഖ്ബീർ സിങ്ങിന്റെ ദേഹത്തു കയറി നിൽക്കുന്നതാണ് മറ്റൊരു ദൃശ്യം. വേദനിക്കുന്ന കണ്ണുകളോടെ അയാൾ രക്തം വാർന്നൊലിച്ചു നിൽക്കുന്നതും കാണാം. മൈതാനത്ത് ലഖ്ബീർ കിടക്കുന്നതും ചിലർ അന്ത്യനിമിഷങ്ങൾ പകർത്തുന്നതുമാണ് മൂന്നാമത്തെ ദൃശ്യം.