ന്യൂഡൽഹി: ഹാഥ്‌റസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ മൃതദേഹം ദഹിപ്പിച്ചതിനെയും ദുരന്തം എന്നെങ്കിലും വിശേഷിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയ്യാറാവണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വാക്കുപോലും ഉരിയാടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കൃഷിയെ രക്ഷിക്കൂ’ യാത്രയുടെ ഭാഗമായി പഞ്ചാബിലെ പട്യാലയിൽ പത്രസമ്മേളനത്തിലാണ് രാഹുൽ മോദിക്കും യോഗിക്കുമെതിരേ ആഞ്ഞടിച്ചത്.

“യോഗി ആദിത്യനാഥിന് എന്തും ഭാവനചെയ്യാം. ഹാഥ്‌റസിൽ പാവപ്പെട്ട, സ്നേഹമയിയായ ഒരു പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. അവളുടെ കഴുത്ത് ഒടിച്ചു. കുടുംബത്തെ ഭീഷണിപ്പെടുത്തി. പ്രതികൾക്കെതിരേ ഒരു നടപടിയും ഉണ്ടായില്ല”- സംഭവത്തിൽ സർക്കാരിനെ അപമാനിക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നു എന്ന യോഗി ആദിത്യനാഥിന്റെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രാഹുൽ പറഞ്ഞു.

പഞ്ചാബിൽനിന്ന് രാഹുൽ ഹരിയാണയിലെ കുരുക്ഷേത്രയിലേക്ക് പോയി. തടയാൻ ഹരിയാണ പോലീസ് വൻ സന്നാഹവുമായി അതിർത്തി അടച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ നൂറിലധികം പ്രവർത്തകരെ റാലിക്ക് അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. രാഹുലിന് അഭിപ്രായം രേഖപ്പെടുത്താൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ വലിയ പ്രകടനം അനുവദിക്കില്ലെന്നും ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും പറഞ്ഞിരുന്നു. രാഹുലിനേയും കുറച്ചു പ്രവർത്തകരെയും മാത്രമാണ് പോലീസ് ഹരിയാണയിലേക്ക് കടത്തിവിട്ടത്.

മാധ്യമങ്ങളും നടക്കുന്നത് അടിമത്തത്തിലേക്ക്

പ്രതിപക്ഷം ദുർബലമായതിനാലല്ലേ രാജ്യത്ത് ഇതെല്ലാം നടക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങളും നടക്കുന്നത് അടിമത്തത്തിലേക്കാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി.

“പ്രതിപക്ഷം എല്ലാരാജ്യങ്ങളിലും പ്രവർത്തിക്കുന്നത് ഒരു ചട്ടക്കൂടിനകത്തുനിന്നാണ്. ഇവിടെ ജനശബ്ദങ്ങൾക്ക് സംരക്ഷണം നൽകുന്ന എല്ലാ സംവിധാനങ്ങളും ബി.ജെ.പി. കൈയടക്കി. അത് മാധ്യമങ്ങൾക്കറിയാം. അടിസ്ഥാനപരമായ സ്ഥാപനങ്ങളെയൊക്കെ കൈയടക്കിയ ശേഷം പ്രതിപക്ഷം ദുർബലമാണെന്ന് പറയുന്നത് ശരിയല്ല. എനിക്ക് സ്വതന്ത്ര മാധ്യമങ്ങളെ തരൂ. സ്വതന്ത്ര സ്ഥാപനങ്ങളെ തരൂ. പിന്നെ സർക്കാർ അധികകാലം ഉണ്ടാവില്ല”- രാഹുൽ പറഞ്ഞു.