ലഖ്നൗ: ഭൂമിപൂജാ ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച അയോധ്യ രാമക്ഷേത്രനിർമാണ സ്ഥലം സന്ദർശിക്കും. ‘‘ബദരീനാഥ് ക്ഷേത്രം, രായഗഢ് കോട്ട, രംഗനാഥ സ്വാമി ക്ഷേത്രം, മഹാകലേശ്വർ ക്ഷേത്രം, ചന്ദ്രശേഖർ ആസാദ്, ബിർസ മുണ്ഡ ഉൾപ്പെടെയുള്ളവരുടെ ജന്മസ്ഥലങ്ങൾ, ദേശീയ പ്രാധാന്യമുള്ള മറ്റുസ്ഥലങ്ങൾ, പവിത്ര നദികൾ എന്നിവിടങ്ങളിൽനിന്നുമുള്ള മണ്ണും ജലവും രാമക്ഷേത്രനിർമാണത്തിനായി എത്തിച്ചിട്ടുണ്ട്.’’ -ട്രസ്റ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഓഗസ്റ്റ് 5-ന് നടക്കുന്ന ഭൂമിപൂജാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കേന്ദ്രമന്ത്രിമാർ, ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത് തുടങ്ങിയവർ പങ്കെടുക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ്‌. അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 12 സ്ഥലങ്ങളിൽ വാഹനങ്ങൾ വഴി തിരിച്ചുവിടുമെന്നും പോലീസ് പറഞ്ഞു.

പരിശോധനാ ഫലം നെഗറ്റീവായ പോലീസുകാരെയാകും നിയോഗിക്കുയെന്ന് ഡി.ജി.പി. ഹിതേഷ് ചന്ദ്ര ആവസ്തി പറഞ്ഞു.