ന്യൂഡൽഹി: ഉത്തർപ്രദേശിന്റെ അതിർത്തിയിൽ കുടുങ്ങിയ തൊഴിലാളികളെ വീട്ടിലെത്തിക്കാൻ സൗജന്യമായി 1000 ബസുകൾ ഏർപ്പെടുത്താമെന്ന കോൺഗ്രസ് വാഗ്‌ദാനത്തിന്റെപേരിൽ രാഷ്ട്രീയപ്പോര് തുടരുന്നു.

വാഗ്‌ദാനം അംഗീകരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ, ബസുകൾ തലസ്ഥാനമായ ലഖ്‌നൗവിൽ എത്തിക്കണമെന്നാവശ്യപ്പെട്ടതും അവയുടെ വിവരങ്ങളിൽ തെറ്റുണ്ടെന്നാരോപിച്ചതും യു.പി.യിൽ കോൺഗ്രസ്-ബി.ജെ.പി. രാഷ്ട്രീയവാക്‌പ്പോരിനിടയാക്കി. കോൺഗ്രസ് അതിർത്തിയിലെത്തിച്ച ബസുകൾ യു.പി.യിലേക്കു കടക്കാൻ ചൊവ്വാഴ്ച വൈകിയും സർക്കാർ അനുവദിച്ചില്ല. ഇതേത്തുടർന്ന് ആഗ്ര-രാജസ്ഥാൻ അതിർത്തിയിൽ ധർണ നടത്തിയ പി.സി.സി പ്രസിഡന്റ് അജയ് കുമാർ ലല്ലു, പ്രിയങ്ക ഗാന്ധിയുടെ പഴ്സെണെൽ സെക്രട്ടറി സന്ദീപ് സിങ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഇരുവർക്കുമെതിരേ കേസെടുത്തിട്ടുമുണ്ട്.

രാഷ്ട്രീയപ്രേരിതവും മനുഷ്യത്വരഹിതവുമായ നടപടിയാണ് സർക്കാരിന്റേതെന്ന് യു.പി.യുടെ ചുമതലയുള്ള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. കാലി ബസുകൾ ലഖ്‌നൗവിൽ എത്തിച്ച് സമയം പാഴാക്കാനില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തിക്കയച്ച കത്തിൽ അവർ വ്യക്തമാക്കി.

അതിഥിതൊഴിലാളികൾക്ക് വീടണയാൻ പ്രിയങ്ക മുൻകൈയെടുത്ത് ഏർപ്പെടുത്തിയ ബസ് സേവനം നിഷേധിക്കാൻ മുടന്തൻ ന്യായങ്ങൾ നിരത്തുന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ സമീപനം, കൊറോണഭീതിയിൽ വീടെത്താൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ നടക്കുന്ന ദരിദ്രമനുഷ്യരോടുള്ള ക്രൂരതയാണെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.

കോൺഗ്രസ് നൽകിയ 1000 ബസുകളുടെ പട്ടികയിൽ ഓട്ടോറിക്ഷകളുടെയും കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ആംബുലൻസിന്റെയും അടക്കം നമ്പറുകളാണുള്ളതെന്ന് ആദിത്യനാഥിന്റെ മാധ്യമോപദേശകൻ മൃത്യുഞ്ജയ് കുമാർ ആരോപിച്ചു. തെറ്റായ വിവരങ്ങൾ നൽകിയതിന് പി.സി.സി. അധ്യക്ഷന്റെ േപരിൽ കേസെടുത്തു. ബോഫോഴ്‌സ്, 2 ജി, കൽക്കരിപ്പാടം, കോമൺവെൽത്ത് അഴിമതികൾക്കുശേഷമുള്ള കോൺഗ്രസിന്റെ പുതിയ അഴിമതിയാണിതെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കുറ്റപ്പെടുത്തി.

ഔരൈയയിലെ വാഹനാപകടത്തിൽ അതിഥിതൊഴിലാളികൾ മരിച്ചപ്പോഴാണ് 1000 ബസ് ഓടിക്കാൻ കോൺഗ്രസിനെ അനുവദിക്കണമെന്ന് ശനിയാഴ്ച പ്രിയങ്ക അഭ്യർഥിച്ചത്. യോഗി സർക്കാർ ആദ്യം ഇതിന് വഴങ്ങിയില്ല. അപേക്ഷ യോഗി നിഷേധിക്കുകയാണെന്നും പ്രതിനിധി സംഘത്തെ കാണാൻപോലും മുഖ്യമന്ത്രി സമ്മതിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചതോടെ ബസ് ഓടിക്കാൻ തിങ്കളാഴ്ച സർക്കാർ അനുമതി നൽകുകയായിരുന്നു. ബസുകളുടെയും ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും വിവരങ്ങൾ നൽകാനും അധികൃതർ ഉത്തരവിട്ടു. ബസുകൾ ചൊവ്വാഴ്ച രാവിലെ പത്തോടെ ലഖ്‌നൗവിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് രാത്രി 11.40-ഓടെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്ക് ഇ-മെയിലയച്ചു.

സർക്കാരിന് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അതിർത്തിയിൽ ബസുകൾ പരിശോധിക്കാമെന്ന് യു.പി. കോൺഗ്രസ് വക്താവ് പറഞ്ഞു. ഇതേത്തുടർന്ന് 500 ബസുകൾ ഡൽഹി അതിർത്തിയായ ഗാസിയാബാദിലെ കൗശംബിയിലും സഹിബാബാദിലും എത്തിക്കാനും 500 ബസുകൾ ഗൗതം ബുദ്ധ് നഗറിൽ എത്തിക്കാനും ചീഫ് സെക്രട്ടറി നിർദേശിച്ചു. എങ്കിലും ചൊവ്വാഴ്ച വൈകിയും ഇവയ്ക്ക് അനുമതി യു.പി. സർക്കാർ നൽകിയിട്ടില്ല. കോൺഗ്രസ് നൽകിയ ആയിരം ബസുകളുടെ പട്ടികയിലെ നൂറോളം വാഹനങ്ങളുടെ വിവരങ്ങളിൽ തെറ്റു കടന്നുകൂടിയത് പാർട്ടിയുടെയോ വെബ്‌സൈറ്റിൽ വിവരം നൽകിയതിന്റെയോ കുഴപ്പമാണോ എന്ന് വ്യക്തമായിട്ടില്ല.

Content Highlight: Yogi Adityanath vs Priyanka Gandhi