മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഗരങ്ങളുടെ പേരുമാറ്റുന്നതിനിടയിൽ ഉത്തർപ്രദേശിനെ മറന്നെന്നും ഭരണകാര്യത്തിൽ ശ്രദ്ധയില്ലെന്നും ശിവസേന.

പാർട്ടി മുഖപത്രമായ ’സാമ്‌ന’യിലെ മുഖപ്രസംഗത്തിലാണ് ഈ വിമർശം. യോഗിയുടെ ഭരണത്തിനുകീഴിൽ കലാപങ്ങളാണ് നടമാടുന്നതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഒരു പോലീസുകാരന് ജീവൻ നഷ്ടപ്പെട്ടു. സൈനികർക്കും പോലീസുകാർക്കും പ്രത്യേക മതമൊന്നുമില്ല. അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിലായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഹൈദരാബാദ് എന്ന് ഭാഗ്യനഗർ ആകും എന്ന ചോദ്യമല്ല അദ്ദേഹത്തിന് മുന്നിലുള്ളത്. രാമക്ഷേത്രം എന്നുപണിയും എന്നതുമാത്രമാണ്. ചരിത്രപരമായ ചോദ്യത്തിന് അദ്ദേഹം നൽകുന്നത് ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഉത്തരമാണെന്നും മുഖപ്രസംഗം കളിയാക്കുന്നു.

തെലങ്കാനയിൽ ബി.ജെ.പി. അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കിമാറ്റുമെന്ന് കഴിഞ്ഞദിവസം യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ‘കടയടച്ചെ’ന്നും എല്ലാവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.