ന്യൂഡൽഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിന് യോഗാസനം ജനങ്ങളിൽ ആത്മവിശ്വാസവും കരുത്തും വളർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന് പ്രതീക്ഷയുടെ കിരണമാണ് യോഗ. കോവിഡ് മുന്നണിപ്പോരാളികൾ യോഗ പരിചയാക്കി രോഗികളെ സഹായിക്കുകയാണെന്നും അന്താരാഷ്ട്ര യോഗദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ എം-യോഗ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി.

ദുഷ്‌കരമായ സമയത്ത് യോഗാസനം ആളുകൾക്ക് ശക്തിയുടെ സ്രോതസ്സും അതിജീവനവുമാണെന്ന് തെളിയിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മനസ്സിന് അത് ശക്തി നൽകും. കോവിഡ് പ്രത്യക്ഷപ്പെട്ടപ്പോൾ കാര്യശേഷിയുടെയോ വിഭവങ്ങളുടെയോ മാനസികശക്തിയുടെയോ കാര്യത്തിൽ ആർക്കും ഒരു മുന്നൊരുക്കവുമുണ്ടായിരുന്നില്ല. ഇന്ത്യ യുഗങ്ങളായി പിന്തുടരുന്ന ‘വസുധൈവ കുടുംബകം’ എന്ന മന്ത്രം ഇപ്പോൾ ആഗോള സ്വീകാര്യത നേടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും ലോകാരോഗ്യ സംഘടനയും ചേർന്ന് രൂപം കൊടുത്ത എം-യോഗ ആപ്പ്‌ ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണമാണ്. ലോകമെങ്ങും യോഗ വ്യാപിപ്പിക്കാൻ ആപ്പ് സഹായിക്കുമെന്നും ഒരു ലോകം ഒറ്റ ആരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകുമെന്നും മോദി അഭിപ്രായപ്പെട്ടു.

Content Highlight: Yoga a ray of hope against Covid-19, says PM Modi