ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ എട്ടാംക്ലാസുവരെ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് കോടതിയല്ല, സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് -ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ബി.ജെ.പി.യുടെ ഡല്‍ഹി വക്താവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായ, ജെ.സി. സേഠ് എന്നിവരാണ് ഹര്‍ജിയുമായി കോടതിയിലെത്തിയത്. ദേശീയ യോഗനയം രൂപവത്കരിക്കണമെന്ന ആവശ്യവും കോടതി തള്ളി.

'യോഗയും ആരോഗ്യ വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ പാഠപുസ്തകം ഇറക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം, എന്‍.സി.ഇ.ആര്‍.ടി., എന്‍.സി.ടി.ഇ., സി.ബി.എസ്.ഇ. എന്നിവയ്ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരാവശ്യം. ഇത് മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്താണ് സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടത് എന്നത് മൗലികാവകാശത്തിന് കീഴിലല്ലെന്ന് കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ അവകാശ നിയമത്തിനുകീഴില്‍ യോഗ ഒരു മൗലികാവകാശമായി കാണാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഹര്‍ജി ഒരു നിവേദനമായി പരിഗണിക്കാന്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആറിനും പതിനാലിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.