ന്യൂഡൽഹി: ജമ്മുകശ്മീരിലെ കഠുവയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബം ഒരു വർഷം കഴിഞ്ഞിട്ടും നീതികിട്ടാതെ ഒളിവിൽ കഴിയുന്നു.
കശ്മീരിന്റെ ഒരു ഭാഗത്ത് സാമുദായിക കലാപത്തിനു തുടക്കമിട്ട ഈ സംഭവത്തിനു ശേഷം കഠുവ ജില്ല വിട്ട് രഹസ്യ കേന്ദ്രത്തിലിരുന്നാണ് കുടുംബം കേസിന്റെ വിചാരണയുടെ പുരോഗതിയറിയുന്നത്. സുരക്ഷാകാരണങ്ങളാൽ വിചാരണ കശ്മീരിൽ നിന്നു മാറ്റി പഞ്ചാബിലെ പഠാൻകോട്ടെ പ്രത്യേക കോടതിയിലാണ് നടക്കുന്നത്. ഇതുവരെ അറസ്റ്റിലായ പ്രതികളെയും ഇതിന്റെ ഭാഗമായി അവിടത്തെ ജയിലിലേക്കു മാറ്റിയിരുന്നു.
ഗുജ്ജർ-ബക്കർവാൽ സമുദായത്തിൽപ്പെട്ട നാടോടികളായ കുടുംബാംഗങ്ങളെ ഒടുവിൽ കഠുവയിലെ ഒരു വനപ്രദേശത്താണ് നാട്ടുകാർ കണ്ടത്. കേസിന് രാജ്യാന്തരശ്രദ്ധ ലഭിച്ചതോടെ വിവിധഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തി. രാഷ്ട്രീയനേതൃത്വത്തിൽ ഒരു വിഭാഗം പ്രതികളെ അനുകൂലിച്ചതോടെ കഠുവ സംഘർഷത്തിലായി. തുടർന്ന് പോലീസ് ഇടപെട്ടാണ് പെൺകുട്ടിയുടെ കുടുംബത്തെ ഒളികേന്ദ്രത്തിലേക്കു മാറ്റിയത്.
2018 ജനുവരി പത്തിനാണ് ബാലികയെ കാണാതായതെങ്കിലും ബലാത്സംഗത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം ജനുവരി 17-നാണ് കണ്ടെത്തിയത്.
2018 ഏപ്രിൽ ഒമ്പതിന് കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. മേയ് ഏഴിനാണ് കേസിന്റെ വിചാരണ പഠാൻകോട്ടേക്കു മാറ്റിയത്. ബ്രാഹ്മണർ ആധിപത്യം പുലർത്തിയിരുന്ന പ്രദേശത്തുനിന്ന് ബഖർവാൾ മുസ്‌ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനുപിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Content Highlights: Year After Kathua Girl's Murder, Trial Midway, Family Lives In Fear