ചെന്നൈ: ഹിന്ദി അറിയില്ലെന്നുപറഞ്ഞതിന് വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥ അപമാനിച്ചുവെന്ന് ഡി.എം.കെ. നേതാവും എം.പി.യുമായ കനിമൊഴി. ഹിന്ദി അറിയില്ലെന്നും തന്നോട് തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും പറഞ്ഞപ്പോൾ ഇന്ത്യക്കാരിയാണോയെന്ന് ചോദിച്ച് അപമാനിച്ചുവെന്നാണ് ആരോപണം. ഞായറാഴ്ച ട്വിറ്ററിലൂടെയാണ് സംഭവം കനിമൊഴി വെളിപ്പെടുത്തിയത്. ഇതു ചർച്ചയായതോടെ സംഭവത്തിൽ സി.ഐ.എസ്.എഫ്. അന്വേഷണത്തിന് ഉത്തരവിട്ടു. ഏതെങ്കിലും ഒരു ഭാഷയ്ക്ക് പ്രധാന്യം കൊടുക്കുന്നത് സി.ഐ.എസ്.എഫ്. നയമല്ലെന്നും വ്യക്തമാക്കി.

വിമാനത്താവളത്തിൽ നേരിട്ട സംഭവം വിവരിച്ചതിനൊപ്പം ഇന്ത്യക്കാർ എന്നുപറഞ്ഞാൽ ഹിന്ദി അറിയുന്നവർ എന്നാണോയെന്നും കനിമൊഴി ട്വിറ്ററിൽ ചോദിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരേ ട്വിറ്ററിൽ തുടങ്ങിയ ഹാഷ് ടാഗ് പ്രചാരണം കാർത്തി ചിദംബരം എം.പി. അടക്കമുള്ളവർ ഏറ്റെടുത്തു. മുമ്പ് രണ്ടുതവണ തുടർച്ചയായി രാജ്യസഭാംഗമായിരുന്ന കനിമൊഴി നിലവിൽ തൂത്തുക്കുടിയിൽനിന്നുള്ള ലോക്‌സഭാംഗമാണ്. ഹിന്ദിപഠനം നിർബന്ധമാക്കുന്നതിനെതിരേ തമിഴ്‌നാട്ടിൽ ശക്തമായി രംഗത്തുള്ള പാർട്ടിയാണ് ഡി.എം.കെ.

ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് കേന്ദ്ര വിദ്യാഭ്യാസനയത്തെ എതിർക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഡി.എം.കെ. ചൂണ്ടിക്കാട്ടുന്നത്.