ഭൂമിയെ മറ്റു ഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത് വെള്ളമാണ്. ആ വെള്ളം ശേഖരിച്ച് ഭൂമിയെയും അതിലെ ജീവജാലങ്ങളെയും നനച്ച്, അവരുടെ ദാഹമകറ്റി നിലനിർത്തുന്നത് സമുദ്രങ്ങളും. മനുഷ്യശരീരത്തിലെ നാഡീവ്യൂഹം കണക്കേ, ഭൂമിയുടെ ജൈവസന്തുലിതാവസ്ഥയ്ക്ക് സമുദ്രങ്ങളും കടലുകളും അവയെ ബന്ധിപ്പിച്ചുള്ള പുഴകളും അരുവികളും തോടുകളുമെല്ലാം നാഡീവ്യവസ്ഥയൊരുക്കുന്നു. വൻകരകൾക്കും ദ്വീപുകൾ അല്ലെങ്കിൽ ദ്വീപസമൂഹങ്ങൾക്കും ചുറ്റുമായി പരന്നുകിടക്കുന്ന ബൃഹത്തായ ലവണ ജലാശയങ്ങളാണ് സമുദ്രങ്ങൾ. വൻസമുദ്രങ്ങളുടെ ചെറിയ ഭാഗം ഒറ്റപ്പെട്ട് കാണുന്നതാണ് കടൽ. പല കടലുകളും ഉൾക്കടലുകളും കടലിടുക്കുകളും തീരമേഖലകളുമെല്ലാം ചേർന്ന് സമുദ്രമാകുന്നു.

കടലി​ന്റെ പ്രാധാന്യം

കാർബൺ ഡൈ ഓക്സൈഡ് വലിയ അളവിൽ വലിച്ചെടുത്ത് ആഗോള താപനം കുറയ്ക്കുന്നു. വർഷം പത്തു ഗിഗാടൺ കാർബൺ അന്തരീക്ഷത്തിൽനിന്ന് സമുദ്രങ്ങളിലേക്ക് മാറ്റപ്പെടുന്നു

ഭൂമിയിൽ ഓക്സിജന്‍റെ അളവ് ക്രമപ്പെടുത്തുന്നു. സമുദ്രങ്ങളിലുള്ള ഫൈറ്റോ പ്ലാങ്കടണുകളാണ് ഭൂമിയിലെ 50 ശതമാനം ഓക്സിജന്‍റെയും ഉറവിടം

വെല്ലുവിളികൾ

കരയിലെന്നപോലെ സമുദ്രത്തിനും വെല്ലുവിളി മനുഷ്യനാണ്. അർഹതപ്പെട്ടതിലധികം അവനെടുക്കുന്നു

മനുഷ്യനുണ്ടാക്കുന്ന അന്തരീക്ഷ-ജല മലിനീകരണത്തിലൂടെ സമുദ്രാന്തർ ആവാസവ്യവസ്ഥകളും തകർക്കപ്പെടുന്നു

ഹരിതഗൃഹ വാതകങ്ങൾ സമുദ്ര ജലത്തിന്‍റെ അമ്ലത കൂട്ടുന്നു. ജീവജാലങ്ങളുടെ നിലനിൽപ്പിനിത് വലിയ ഭീഷണിയാണ്

കാലാവസ്ഥാവ്യതിയാനം സമുദ്രങ്ങളുടെ വ്യതിയാനം കൂടിയാണ്. താപവ്യതിയാനത്തിൽ കാറ്റുകളുടെയും അടിയൊഴുക്കുകളുടെയും ജലചംക്രമണത്തിന്‍റെയും സ്വാഭാവിക രീതി മാറ്റിമറിക്കുന്നു

മണ്ണൊലിപ്പ് സമുദ്രത്തിന്‍റെ ആഴം കുറയാനും ജലനിരപ്പ് ഉയരാനും കാരണമാകുന്നുണ്ട്. ചെളിവെള്ളം അടിത്തട്ടിൽ പ്രകാശം കുറയ്ക്കുന്നതിനാൽ ജലസസ്യങ്ങളുടെ നാശത്തിനിടയാക്കുന്നു

ശ്രദ്ധിക്കാം

ജലം കരുതലോടെ ഉപയോഗിക്കാം

മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാം

രാസകീടനാശിനികളും ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും വിവേകപൂർവം ഉപയോഗിക്കാം

പരമാവധി വസ്തുക്കൾ പുനരുപയോഗിക്കുക

പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കാം

ചെറുമീനുകളെ പിടിച്ചാൽ തിരികെ വിടാം

സമുദ്രാന്തർ ആവാസ വ്യവസ്ഥയെ ബഹുമാനിക്കാം