ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം കുറയ്ക്കാൻ ചൈന മുൻകൈയെടുക്കാത്ത പക്ഷം ഇന്ത്യയും അതിനു തയ്യാറാവില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം അതിർത്തിമേഖലയിൽ ഇന്ത്യ നിർമാണപ്രവൃത്തികൾ വേഗത്തിൽ നടത്തുകയാണെന്നും അറിയിച്ചു.
ചില പദ്ധതികളിൽ ചൈന എതിർപ്പറിയിച്ചിട്ടുമുണ്ട്. ചൈന ഇന്ത്യയുടെ വിശ്വാസം തകർത്തെന്ന കാര്യത്തിൽ സംശയമില്ല. ചൈനയുമായി എന്നു ചർച്ച നടക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. ഈമാസം 19-ന് ഇന്ത്യയെ ചർച്ചയ്ക്കു ക്ഷണിച്ചിരുന്നെങ്കിലും ഒരുദിവസംമുമ്പുമാത്രം അറിയിച്ചതിനാൽ ചർച്ച നീട്ടാനാവശ്യപ്പെടുകയായിരുന്നു. ഇന്ത്യ എപ്പോഴും ചർച്ചയ്ക്കു തയ്യാറാണെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അരുണാചൽപ്രദേശിൽ ചൈന ഗ്രാമമുണ്ടാക്കിയെന്ന റിപ്പോർട്ടിനെക്കുറിച്ചാരാഞ്ഞപ്പോൾ അവ അതിർത്തിയിലാണെന്നും ഏതാനും വർഷങ്ങളായി ചൈന ഇത്തരം നിർമാണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ യഥാർഥ നിയന്ത്രണരേഖയ്ക്കുസമീപം ഇന്ത്യയും നിർമാണങ്ങൾ നടത്തുകയാണ്. നാട്ടുകാരുടെയും സൈനികരുടെയും ആവശ്യം പരിഗണിച്ച് നിർമാണം വേഗത്തിലാക്കുകയാണെന്നും സിങ് അറിയിച്ചു.