ന്യൂഡൽഹി: അശ്ലീലം കലർന്ന ഉള്ളടക്കം ഉടൻ നീക്കിയില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ട്വിറ്ററിനോട് ദേശീയ വനിതാ കമ്മിഷൻ. ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർക്ക് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമയാണ് കത്തയച്ചത്. അശ്ലീലം നിറഞ്ഞ ഉള്ളടക്കം ഒരാഴ്ചയ്ക്കുള്ളിൽ നീക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

നടപടി റിപ്പോർട്ട് പത്തുദിവസത്തിനുള്ളിൽ സമർപ്പിക്കണം. വിഷയം ശ്രദ്ധയിൽപ്പെടുത്തി ഡൽഹി പോലീസ് കമ്മിഷണർക്കും രേഖാ ശർമ കത്തയച്ചു. സംഭവത്തിൽ ട്വിറ്ററിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

അശ്ലീലം കലർന്ന ഉള്ളടക്കം സംബന്ധിച്ച്‌ നേരത്തേതന്നെ ഉയർന്ന പരാതികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും മുന്നറിയിപ്പുനൽകി.

content highlights: women commission demands twitter to remove of pornographic content