ബെംഗളൂരു: രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ നോക്കാൻ സാധിക്കുന്നില്ലെന്ന കാരണത്താൽ അനധികൃതമായി ദത്തുകൊടുത്ത പ്രൊഫസറുടെയും ഭർത്താവിന്റെയും പേരിൽ പോലീസ് കേസെടുത്തു. ദത്തുകൊടുത്തതിൽ പിന്നീട് വിഷമം തോന്നിയ ദമ്പതികൾ കുഞ്ഞിനെ തിരികെ ലഭിക്കാൻ പോലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

സ്വകാര്യ കോളേജിൽ അസി. പ്രൊഫസറായ 35-കാരി കഴിഞ്ഞ ഒക്ടോബർ 23-നായിരുന്നു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് എൻജിനിയറായതിനാൽ ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാൻ സാധിച്ചിരുന്നില്ല. കുട്ടിയെ ഒറ്റയ്ക്ക് നോക്കാൻ ബുദ്ധിമുട്ടുവന്നതോടെ ദത്തുകൊടുക്കുന്ന കാര്യം ആലോചിച്ചു. ഇതേത്തുടർന്ന് ഭർത്താവിന്റെ ബന്ധുവും മൈസൂരു സ്വദേശിയുമായ യുവാവിനെ വിവരം അറിയിച്ചു. ഇയാളാണ് കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ദമ്പതിമാരെ കണ്ടെത്തിയത്.

ഡിസംബർ 16-ന് കുട്ടിയെ കൈമാറി. ദത്തെടുക്കുന്ന ദമ്പതിമാർക്ക്‌ വേറെ കുട്ടികളുണ്ടാകരുതെന്ന നിബന്ധനയോടെയായിരുന്നു കുട്ടിയെ കൈമാറിയത്. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ പ്രൊഫസർക്ക് കുട്ടിയെക്കുറിച്ച് പിന്നീട് ആശങ്കയായി. ദത്തുകൊടുത്തത് തെറ്റായിപ്പോയെന്ന് മനസ്സിലായതിനെത്തുടർന്ന് യുവാവിനെ വിളിച്ചപ്പോൾ കുട്ടിയെ വാങ്ങിയവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് അറിഞ്ഞു. അതോടെ ചന്നമ്മനകെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിൽ പ്രൊഫസർ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് കുട്ടിയെ അനധികൃതമായി ദത്തുകൊടുത്തതിന് പ്രൊഫസറുടെയും ഭർത്താവിന്റെയും യുവാവിന്റെയുംപേരിൽ പോലീസ് കേസെടുത്തത്.

Content Highlights: woman professor and husband given their child to another couple, police booked case