ന്യൂഡല്‍ഹി: അയോധ്യയിലെ തർക്കഭൂമിയിൽ പ്രതിഷ്ഠയായ ‘രാം ലല്ല’യുടെ അവകാശം സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് അംഗീകരിച്ചതോടെ ഉയർന്ന ചോദ്യം ശബരിമലയെക്കുറിച്ചാണ്. ഉടനെ വരാനിരിക്കുന്ന ശബരിമലക്കേസിലെ വിധിയെ അയോധ്യ സ്വാധീനിക്കുമോ? അയോധ്യയിലെ രാമന്റെ അവകാശം അംഗീകരിച്ച സുപ്രീംകോടതി, ശബരിമല അയ്യപ്പന്റെ കാര്യത്തിൽ എന്തുനിലപാട്‌ സ്വീകരിക്കുമെന്നറിയാനാണ് പലർക്കും ആകാംക്ഷ.

ഹിന്ദുവിഗ്രഹങ്ങളുടെ നിയമവ്യക്തിത്വത്തെയും അവകാശത്തെയുംകുറിച്ച് അയോധ്യ കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണം ശബരിമല കേസിനെ തത്കാലം സ്വാധീനിക്കില്ല എന്നുപറയേണ്ടിവരും. കാരണം, ഹിന്ദുക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക്‌ നിയമവ്യക്തിത്വം കല്പിച്ചുനൽകുന്നതും അവയുടെ അവകാശം അംഗീകരിക്കുന്നതും പുതിയ കാര്യമല്ല. ശബരിമല േകസാവട്ടെ പുനഃപരിശോധനാഹർജിയിലെ വാദങ്ങൾ പൂർത്തിയായി വിധിപറയാൻ മാറ്റിയതാണ്. അതിനാൽ തത്കാലം ശബരിമല കേസിനെ അയോധ്യ കേസിലെ നിരീക്ഷണങ്ങൾ സ്വാധീനിക്കാനിടയില്ല.

എന്നാൽ, ശബരിമല കേസിൽ വാദത്തിന് ഇനിയും അവസരമൊരുങ്ങിയാൽ അയോധ്യാവിധിയിലെ പല നിരീക്ഷണങ്ങളും അഭിഭാഷകർ ഉപയോഗിക്കുമെന്നുറപ്പ്. ശബരിമല കേസ് വിശാലബെഞ്ചിന്‌ വിടുകയോ മറ്റോ ഉണ്ടായാലാണ് അത്തരത്തിൽ അവസരമൊരുങ്ങുക. ഇപ്പോൾ അയോധ്യ കേസിൽ ഏകകണ്ഠവിധിപറഞ്ഞ ബെഞ്ചിലെ രണ്ടുജഡ്ജിമാർ (ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്) തന്നെയാണ് ശബരിമല പുനഃപരിശോധനയിലും വിധിപറയാൻ പോകുന്നതെന്നത്‌ ശ്രദ്ധേയമാണ്.

പ്രതിഷ്ഠയും നിയമവ്യക്തിത്വവും

ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക്‌ നിയമവ്യക്തിത്വവും ആസ്തികൾ കൈവശംവെക്കാനുള്ള അവകാശവും നേരത്തേത്തന്നെയുണ്ട്. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, കപ്പലുകൾ തുടങ്ങിയവയ്ക്ക് നിയമവ്യക്തിത്വം നൽകാറുള്ളതും അതിന്റെ ആവശ്യകതയും അയോധ്യാവിധിയിൽ വിശദീകരിക്കുന്നുണ്ട്. നേർച്ചയും മറ്റുമായി ആസ്തികൾ ലഭിച്ചുവന്നതോടെ അതിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് പ്രതിഷ്ഠയ്ക്ക് കോടതി നിയമവ്യക്തിത്വം നൽകിവന്നത്. പ്രതിഷ്ഠയെ അവിടെനിന്നുമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താലും അതിന്റെ നിയമവ്യക്തിത്വം ഇല്ലാതാകില്ലെന്നും അയോധ്യ കേസിൽ വ്യക്തമാക്കി.

അതേസമയം, സർവവ്യാപിയായ അദൃശ്യശക്തിക്ക് നിയമവ്യക്തിത്വം നൽകാനാവില്ല. ഹിന്ദുതത്ത്വശാസ്ത്രപ്രകാരം ദൈവികത എന്നത് അതിരുകളില്ലാത്തതും അനന്തവും സർവവ്യാപിയുമാണ്. അതിനാൽ ഹിന്ദുക്കൾ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്ന പ്രതിഷ്ഠയുടെ അവകാശസംരക്ഷണത്തിനായി നിയമവ്യക്തിത്വം നൽകിവരുന്നു.

ശബരിമലയെ സ്വാധീനിച്ചേക്കാവുന്ന നിരീക്ഷണങ്ങൾ

ഭക്തരുടെ വിശ്വാസത്തെ ചോദ്യംചെയ്യാനും മതതത്ത്വങ്ങളെ വ്യാഖ്യാനിക്കാനും കോടതിക്ക്‌ താത്പര്യമില്ലെന്ന് അയോധ്യ കേസിൽ നിരീക്ഷിക്കുന്നുണ്ട്. സംസ്കാരവും സാമൂഹിക സാഹചര്യങ്ങളുമനുസരിച്ച് മതാനുഷ്ഠാനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുതന്നെയാണ് നമ്മുടെ ബഹുസ്വര സമൂഹത്തിന്റെ ശക്തി. മതവിശ്വാസങ്ങളുടെ വൈവിധ്യങ്ങളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥസ്വഭാവവും ഐക്യവും ശക്തിപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

ദൈവശാസ്ത്രം വ്യാഖ്യാനിക്കുന്നതിൽനിന്ന്‌ വിട്ടുനിന്നുകൊണ്ട് ഭക്തരുടെ വിശ്വാസത്തെ അംഗീകരിക്കുകയാണ് മതേതരസ്ഥാപനമായ കോടതിക്കുചെയ്യാനുള്ളതെന്നും അയോധ്യാവിധിയിൽ പറയുന്നു. ഇത്തരം നിരീക്ഷണങ്ങൾ ശബരിമല കേസിലോ ഭാവിയിൽ വന്നേക്കാവുന്ന സമാനമായ കേസുകളിലോ സ്വാധീനം ചെലുത്താം. പ്രത്യേക വിശ്വാസിസമൂഹമെന്ന്‌ പറയുന്ന ഭക്തരുടെ അവകാശങ്ങൾ, പ്രതിഷ്ഠയുടെ അവകാശം തുടങ്ങിയ വിഷയങ്ങളിലാകും ഈ നിരീക്ഷണങ്ങൾ ചർച്ചയാവുന്നത്.

Content Highlights: Will the Ayodhya verdict affect Sabarimala?