ന്യൂഡൽഹി: പി.എൻ.ബി. വായ്പത്തട്ടിപ്പുകേസിലെ പ്രധാന പ്രതികളിലൊരാളായ മെഹുൽ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ എയർ ആംബുലൻസ് ഒരുക്കാമെന്ന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.).

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് കോടികളുടെ വായ്പയെടുത്തശേഷം രാജ്യംവിട്ട ചോക്സി ഇപ്പോൾ ആന്റിഗ്വയിലാണ്. ചോക്സിക്ക് ഇന്ത്യയിൽ എല്ലാ ചികിത്സാസൗകര്യങ്ങളുമൊരുക്കാമെന്ന് ഇ.ഡി. ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇന്ത്യയിൽ എത്താനാവില്ലെന്ന് ഈയാഴ്ച ആദ്യം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചോക്സി അറിയിച്ചിരുന്നു. എന്നാൽ, നിയമനടപടികൾക്കു കാലതാമസമുണ്ടാക്കുന്നതിനു മനഃപൂർവം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇ.ഡി. നൽകിയ എതിർസത്യവാങ്മൂലത്തിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ചോക്സി ഒരിക്കൽപോലും സഹകരിച്ചിട്ടില്ലെന്നും 6129 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടിയെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണെന്നും ഇ.ഡി. വ്യക്തമാക്കി. ചോക്സിയുടെ 2100 കോടി രൂപ മൂല്യമുള്ള വസ്തുവകകൾ മാത്രമാണ് കണ്ടുകെട്ടിയതെന്നും ഇ.ഡി. വ്യക്തമാക്കി.

പി.എൻ.ബി.യിൽ നിന്ന് 13,000 കോടി രൂപ തട്ടിയകേസിൽ ലണ്ടനിൽ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുൽ ചോക്സി. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ആന്റിഗ്വയിൽവെച്ച് ചോദ്യംചെയ്യാമെന്നും സത്യവാങ്മൂലത്തിൽ ചോക്സി പറഞ്ഞിരുന്നു.

content highlights: Will provide air ambulance for Mehul Choksi's return, says ED