ന്യൂഡൽഹി: ഇന്ധനങ്ങളെ ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരണമെന്ന നിർദേശം ധനമന്ത്രി നിർമലാ സീതാരാമൻ തള്ളി. പെട്രോൾ, ഡീസൽ, അസംസ്കൃത എണ്ണ, വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം, പ്രകൃതിവാതകം തുടങ്ങിയവയെയൊന്നും ജി.എസ്.ടി.യിൽ ഉൾപ്പെടുത്തില്ലെന്ന് ലോക്‌സഭയിൽ രേഖാമൂലംനൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

ഇന്ധനവില കൂടിക്കൊണ്ടിരിക്കേ അവയ്ക്ക് ജി.എസ്.ടി. ബാധകമാക്കണമെന്ന് പല കോണുകളിൽനിന്നും ആവശ്യമുയർന്നിരുന്നു. സാമഗ്രികളെ ജി.എസ്.ടി.യുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതും ജി.എസ്.ടി. നിരക്കിൽ മാറ്റം വരുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത് ജി.എസ്.ടി. കൗൺസിലാണ്. ഇതുവരെ പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ കാര്യത്തിൽ കൗൺസിൽ ശുപാർശ നൽകിയിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു.

നിലവിൽ കേന്ദ്രത്തിന്റെ എക്സൈസ് തീരുവയും സംസ്ഥാനങ്ങളുടെ വാറ്റുമാണ് ഇന്ധനകൾക്ക് ഈടാക്കുന്നത്. വിതരണവിലയുടെ 60 ശതമാനത്തിൽ കൂടുതലാണ് ഈ രണ്ടുനികുതികളും. നികുതി കുറയ്ക്കുന്ന കാര്യം പരിശോധിക്കുമെന്നും സംസ്ഥാനങ്ങളുമായി വിഷയം ചർച്ചചെയ്യുമെന്നും അവർ പറഞ്ഞിരുന്നു.

ഒരുവർഷംമുമ്പ്‌ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 19.98 രൂപയായിരുന്നു. ഇപ്പോഴത് 32.90 രൂപയാണ്. ഡീസലിന്റെ തീരുവ 15.83 രൂപയായിരുന്നത് 31.80 രൂപയായി.

content highlights: will not include fuels under gst- nirmala sitharaman