ബെംഗളൂരു: കർണാടകത്തിൽ ജനതാദൾ-എസുമായി ചേർന്ന് സർക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. സർക്കാർ വീണാൽ തിരഞ്ഞെടുപ്പാണ് ബി.ജെ.പി. ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയോടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ജനതാദൾ-എസുമായി ചേർന്ന് സർക്കാരുണ്ടാക്കിയതിന്റെ മോശം അനുഭവം ബി.ജെ.പി.ക്കുണ്ട്. ഇത്തരത്തിലുള്ള തെറ്റ് ആവർത്തിക്കില്ല. 2007-ൽ ജനതാദൾ-എസുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചിരുന്നു. എന്നാൽ, സഖ്യധാരണപ്രകാരം 20 മാസം കഴിഞ്ഞ് മുഖ്യമന്ത്രിസ്ഥാനം കൈമാറാൻ എച്ച്.ഡി. കുമാരസ്വാമി തയ്യാറായില്ല. ഇതേത്തുടർന്ന് സർക്കാരിനുള്ള പിന്തുണ ബി.ജെ.പി. പിൻവലിക്കുകയായിരുന്നു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി. തയ്യാറാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായിട്ടും സഖ്യസർക്കാർ തുടരുകയാണെങ്കിൽ അത് ജനവിധിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Will not form government with Janatha Dal says Yedyurappa