: രാഷ്ട്രീയതീരുമാനം ഹൃദയംകൊണ്ട് രേഖപ്പെടുത്തുന്നവർ. നെഹ്രു കുടുംബത്തിൽ രക്ഷകർതൃത്വം കാണുന്ന ഒരു ജനതയാണ് ഇപ്പോഴും റായ്‌ബറേലിക്കാർ. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള 1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാവിരുദ്ധ നിലപാട് സ്വീകരിച്ച് രാജ്യത്തെ അത്ഭുതപ്പെടുത്തിയ സായീനദിക്കര ദേശം. 2004 മുതൽ സോണിയാഗന്ധിയുടെ രാഷ്ട്രീയതട്ടകം. ഓരോ വട്ടവും ഭൂരിപക്ഷം കൂട്ടിക്കൊണ്ട് സോണിയയോടും കോൺഗ്രസിനോടുമുള്ള സ്നേഹം അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയപാരമ്പര്യത്തിലെ പുതുകണ്ണിയായ പ്രിയങ്കാഗാന്ധി ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്, അമ്മ സോണിയാഗാന്ധിക്കുവേണ്ടി. അമ്മയെ ജയിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടല്ല, ഭൂരിപക്ഷം കൂട്ടണം എന്ന് മാത്രം പറഞ്ഞുകൊണ്ട്. കാരണം റായ്‌ബലേറിക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന് കോൺഗ്രസിനുറപ്പാണ്. ദാരിദ്ര്യം ദിനചര്യയായ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലൂടെ പ്രിയങ്കാഗാന്ധി ഹൃദയസഞ്ചാരം നടത്തുകയാണ്. ഓരോ നാട്ടുകൂട്ടങ്ങളോടും ഗ്രാമവാസികളോടും പ്രിയങ്ക രാഷ്ട്രീയം സംസാരിക്കുന്നു.

‘‘ദേശം എന്നാൽ, ജനതയാണ്. ദേശസ്നേഹം എന്നത് ദേശത്തെ ജനതയോടുള്ള സ്നേഹമാണ്. ജനങ്ങളെ സ്നേഹിക്കാത്ത, ജനങ്ങളെ ബഹുമാനിക്കാത്ത ഒരാൾക്ക് എങ്ങനെ ദേശസ്നേഹിയാകാൻ സാധിക്കും. ദേശത്തിന്റെ നെടുംതൂണായ കർഷകരെ കണ്ടില്ലെന്നുനടിക്കുന്ന ഒരാൾ എങ്ങനെയാണ് ദേശസ്നേഹിയാകുന്നത്.’’ -മോദിയുടെ ദേശീയതാവാദത്തിന് പ്രിയങ്ക മറുപടിപറയുന്നത് ഇങ്ങനെയാണ്. മോദിയുടെ വാഗ്ദാനലംഘനങ്ങളെക്കുറിച്ചും വിഭജനരാഷ്ട്രീയത്തെക്കുറിച്ചും പ്രിയങ്ക സംസാരിക്കുന്നുണ്ട്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടികളോട് വിശേഷങ്ങൾ ചോദിച്ച്, സ്ത്രീകളോട് സംസാരിച്ച് സ്നേഹത്തിന്റെ പുതിയ ഭാഷയിൽ രാഷ്ട്രീയം രചിക്കുകയാണ് പ്രിയങ്ക.

സമകാലിക ഇന്ത്യയിൽ കേരളത്തിലെ സവിശേഷമായ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് മാതൃഭൂമി ന്യൂസിനോടും അവർ വിശദമായി സംസാരിച്ചു.

രാഹുലിന്റെ വിജയത്തിൽ എത്രത്തോളം ആത്മവിശ്വാസമുണ്ട്?

അമേഠിയിലും വയനാട്ടിലും രാഹുലിന് മികച്ച വിജയം ഉണ്ടാകും

റെക്കോഡ് ഭൂരിപക്ഷം പ്രതീക്ഷയുണ്ടോ?

പ്രതീക്ഷയുണ്ട്. രാഹുൽ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിക്കും എന്നാണ് ഞാൻ കരുതുന്നത്.

ഇരുമണ്ഡലങ്ങളിലും രാഹുൽ വിജയിച്ചാൽ അമേഠി നിലനിർത്തി വയനാട് ഉപേക്ഷിക്കുമോ?

അത് രാഹുൽ എടുക്കേണ്ട തീരുമാനമാണ്. രാഹുലിന്റെ മനസ്സിൽ എന്താണുള്ളതെന്ന് എനിക്കറിയില്ല. സമയംവരുമ്പോൾ തീരുമാനമെടുക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.

അമേഠിയിൽ ഉപതിരഞ്ഞെടുപ്പുവന്നാൽ അവിടെ മത്സരിക്കുമോ?

രാഹുൽ ആവശ്യപ്പെട്ടാൽ തീർച്ചയായും ഞാൻ മത്സരിക്കും. അതിനെക്കുറിച്ച് ഇതുവരെ ചർച്ചചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പദ്ധതി എന്താണെന്ന് എനിക്ക് ഇതുവരെ അറിയില്ല.

വയനാട്ടിൽ രാഹുൽ മത്സരിച്ചതിലൂടെ ഇടതുപക്ഷവുമായുള്ള ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നു എന്ന ആശങ്കയുണ്ടോ?

ഞങ്ങളുടെ മുഖ്യശത്രു ബി.ജെ.പി.യാണ്. ബി.ജെ.പി.യുടെ പ്രത്യയശാസ്ത്രം രാജ്യത്തിന് വിനാശകരമാണ്. അവർ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നില്ല. വേദനയും ദുരിതവും മാത്രമാണ് ബി.ജെ.പി. ഭരണം ജനങ്ങൾക്ക് സമ്മാനിക്കുന്നത്. അധികാരത്തിൽ മാത്രമാണ് അവരുടെ ശ്രദ്ധ. യഥാർഥ അധികാരം ജനതയുടെ കൈയിലാണ് എന്ന് ബി.ജെ.പി. തിരിച്ചറിയുന്നില്ല. ജനങ്ങളുടെ അധികാരത്തിനുവേണ്ടി പോരാടുന്ന എല്ലാ പാർട്ടികൾക്കും അറിയാം, മുഖ്യശത്രു ബി.ജെ.പി.യാണ് എന്ന്. അതുകൊണ്ട് വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതിലൂടെ ഇടതുപക്ഷവുമായി എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് വിചാരിക്കുന്നില്ല.

തിരഞ്ഞെടുപ്പിനുശേഷം ആവശ്യംവന്നാൽ ഇടതുപക്ഷവുമായി സംസാരിക്കാൻ കോൺഗ്രസ് തയ്യാറാകുമോ?

അത് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അധ്യക്ഷനും മുതിർന്ന നേതാക്കളും ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ് അത്. എനിക്ക് അഭിപ്രായം പറയാനാകില്ല.

ശബരിമല വിഷയം കേരളത്തിൽ സജീവമായ ചർച്ചാവിഷയമായിരുന്നല്ലോ. തിരഞ്ഞെടുപ്പിനെ അത് സ്വാധീനിക്കും എന്ന് വിചാരിക്കുന്നുണ്ടോ?

ശബരിമല വിഷയം വോട്ടെടുപ്പിനെ സ്വാധീനിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. എല്ലാ പാർട്ടികളും ആ വിഷയത്തിൽ അവരവരുടെ തീരുമാനം വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല ബി.ജെ.പി.ക്ക് കേരളത്തിൽ നേട്ടമുണ്ടാക്കുമോ?

ഒരിക്കലുമില്ല. കേരളത്തിൽ എന്നല്ല ഇത്തവണ ബി.ജെ.പി. ഒരിടത്തും നേട്ടമുണ്ടാക്കില്ല. ജനോപദ്രവനടപടികളാണ് ബി.ജെ.പി.യുടേത്. അത് ജനം മനസ്സിലാക്കും. വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാരിന്റെ കാപട്യം ജനം തിരിച്ചറിയുന്നുണ്ട്.

രാജ്യത്ത് രാഹുൽ തരംഗം ഉണ്ടോ?

രാഹുലിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. എല്ലാവരുടെയും സ്നേഹം ലഭിക്കുന്നുണ്ട്. അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങളാണ് സംസാരിക്കുന്നത്. യു.പി.എ ഭരണകാലത്തും ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിച്ച വ്യക്തിയാണ് രാഹുൽ. രാഹുലിനെ ജനം സ്വീകരിക്കും. കാരണം രാഹുൽ ജനങ്ങളുടെ പക്ഷത്താണെന്ന് അവർക്കറിയാം.

എസ്.പി.ജി.യുടെ സുരക്ഷാവലയത്തിനുള്ളിലല്ല, ഗ്രാമീണജനതയുടെ കരവലയത്തിലായിരുന്നു പ്രിയങ്ക. കുടുംബരാഷ്ട്രീയത്തിന്റെ പുതുകണ്ണി എന്നനിലയിലല്ല. ഗ്രാമകുടുംബങ്ങളിലെ പുത്തൻ അംഗം എന്നനിലയിലായിരുന്നു അവർക്കുള്ള സ്വീകാര്യത. ഗഹനമായ രാഷ്ട്രീയമായിരുന്നില്ല അവർ പറഞ്ഞത്. സഹിഷ്ണുതയുടെ ഗഹനതയെപ്പറ്റിയാണ് അവർ സംസാരിച്ചത്. ജനങ്ങളുമായുള്ള ഈ അന്യോന്യതയാണ് പ്രിയങ്കയെ പ്രചാരണതാരമാക്കുന്നത്.

Content Highlights: Will Contest from Amethi if rahul aska priyanka