കൊൽക്കത്ത: മുൻ മന്ത്രിയും കൊൽക്കത്ത മുൻ മേയറുമായ ശോഭൻ ചാറ്റർജിയുമായി ബി.ജെ.പി. നേതൃത്വം ഇടയുന്നു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ഉത്സാഹം കാട്ടുന്നില്ലെന്നാണ് ആരോപണം. മുൻകൂട്ടി നിശ്ചയിച്ച് പ്രചാരണം കൊഴുപ്പിച്ച ബൈക്ക് റാലിക്കും കഴിഞ്ഞദിവസം ശോഭൻ എത്തിയിരുന്നില്ല. ചാറ്റർജിയുടെ സ്നേഹിതയും പാർട്ടി ഭാരവാഹിയുമായ ബൈശാഖി ബാനർജിയോടും നേതൃത്വത്തിന് നീരസമുണ്ട്.

തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ശോഭനെ ഒന്നരവർഷം മുൻപ് ഏറെ ആവേശത്തോടെയാണ് ബി.ജെ.പി. പാർട്ടിയിൽ പ്രവേശിപ്പിച്ചത്. ശോഭനോടൊപ്പം ബൈശാഖിയും പാർട്ടിയുടെ അംഗത്വമെടുത്തെങ്കിലും ഏതാനും ഉൾപ്പാർട്ടി യോഗങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. ശോഭന് വേണ്ട പരിഗണന നൽകുന്നില്ലെന്ന് ബൈശാഖി പരാതിപ്പെട്ടിരുന്നു. തുടർന്ന് അടുത്തിടെ പാർട്ടിയുടെ കൊൽക്കത്ത നിരീക്ഷകനായി ശോഭനെയും സഹ കൺവീനറായി ബൈശാഖിയെയും നിയമിക്കുകയും ചെയ്തു.

ഇരുവരുടെയും ആദ്യത്തെ പ്രധാന പൊതുപരിപാടിയായാണ് വൻ പ്രചാരണം നടത്തി ബൈക്ക് റാലി സംഘടിപ്പിച്ചത്. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയും ബംഗാൾ നിരീക്ഷകനുമായ കൈലാസ് വിജയവർഗീയയും റാലിയിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ റാലിയിൽ പങ്കെടുക്കാൻ ബൈശാഖിയും ശോഭനും തയ്യാറായില്ല. തുടർന്ന് മുകുൾ റോയ്, അർജുൻ സിങ് എന്നിവരെ വിജയ വർഗീയയോടൊപ്പം പങ്കെടുപ്പിച്ച് റാലി നടത്തുകയായിരുന്നു.

ബൈശാഖിയുടെ അനാരോഗ്യം കാരണമാണ് ഇരുവരും പങ്കെടുക്കാഞ്ഞതെന്നാണ് പാർട്ടി വിശദീകരണം. അതേസമയം, പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസിൽ ഇവർക്കായി മാറ്റിവെച്ചിരുന്ന മുറി പൂട്ടി പേരെഴുതിയ പലകകൾ നീക്കുകയും ചെയ്തു.