അഗർത്തല: അഗർത്തലയിലെ അസ്തബാൽ മൈതാനത്ത് ഞായറാഴ്ച പൊതുജനങ്ങളുടെ യോഗം വിളിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. മുഖ്യമന്ത്രിപദത്തിൽ താൻ തുടരണമോയെന്ന് ചോദിക്കാനാണ് സംസ്ഥാനത്തെ ജനങ്ങളോട് ഉച്ചകഴിഞ്ഞ് രണ്ടിന് മൈതാനത്ത് കൂടാൻ നിർദേശിച്ചിരിക്കുന്നത്. ബിപ്ലബിനെതിരേ ഭരണകക്ഷിയായ ബി.ജെ.പി.യിൽ കലാപമുയരുന്നുവെന്ന വാർത്തകൾക്കിടെയാണ് ഈ അസാധാരണ നടപടി.

“ഞാൻ അധികാരമൊഴിയണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അക്കാര്യം പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ച് ഞാൻ പടിയിറങ്ങും” -അദ്ദേഹം ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോടു പറഞ്ഞു. രണ്ടുദിവസം മുമ്പ് പാർട്ടി നിരീക്ഷകൻ വിനോദ് സോങ്കറുടെ മുമ്പിൽവെച്ച് ഒരുവിഭാഗം ബി.ജെ.പി.ക്കാർ ബിപ്ലബിനെ പുറത്താക്കണമെന്ന മുദ്രാവാക്യം വിളിച്ചിരുന്നു. മുൻ ആരോഗ്യമന്ത്രി സുദീപ് റോയ് ബർമന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം ബി.ജെ.പി.യിലെ വിമത എം.എൽ.എ.മാർ ഡൽഹിയിൽപ്പോയി പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയെക്കണ്ട് ബിപ്ലബിനെ മാറ്റണമെന്ന ആവശ്യമുന്നയിച്ചിരുന്നു.

2018 മാർച്ചിലാണ് ബിപ്ലബ് ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 25 വർഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിലേറിയത്. അറുപതംഗ നിയമസഭയിൽ ബി.ജെ.പി.ക്കും സഖ്യകക്ഷിയായ ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്കുംകൂടി 44 സീറ്റുണ്ട്.