ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയത്തിന് ഉപയോക്താക്കളിൽ നിന്ന് ‘തന്ത്രപരമായ സമ്മതം’ വാങ്ങുകയാണ് വാട്‌സാപ്പ് എന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. നോട്ടിഫിക്കേഷനുകൾ അയച്ച് ഇത്തരം സമ്മതം വാങ്ങുന്നതിൽനിന്ന് വാട്‌സാപ്പിനെ വിലക്കണമെന്നും ആവശ്യപ്പെട്ടു.

വാട്‌സാപ്പിന്റെ 2021-ലെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളെ ദിവസവും നോട്ടിഫിക്കേഷൻ അയച്ച് ആക്രമിക്കുകയാണെന്ന് ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടി. വ്യക്തിഗത വിവരസംരക്ഷണ ബിൽ നിയമമാകുംമുമ്പ്‌ മുഴുവൻ ഉപഭോക്താക്കളെയും പുതിയ സ്വകാര്യതാനയം അംഗീകരിപ്പിക്കാനാണ് വാട്‌സാപ്പിന്റെ ലക്ഷ്യം. അതിനാണ് കൃത്യമായ ഇടവേളകളിൽ നോട്ടിഫിക്കേഷൻ അയച്ചുകൊണ്ടിരിക്കുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തി.

കോമ്പറ്റീഷൻ നിയമത്തിലെ നാലാം വകുപ്പിനെ ലംഘിക്കുന്ന നടപടിയാണ് വാട്‌സാപ്പിന്റേതെന്ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സി.സി.ഐ.) പ്രഥമദൃഷ്ട്യാ വിലയിരുത്തിയ കാര്യം സർക്കാർ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾ സ്വമേധയാ അവരുടെ സമ്മതത്തോടെ നൽകുന്ന വിവരങ്ങൾ പങ്കുവെക്കുന്നതിന്റെ സാധ്യതകളും പരിധിയും പരിണതഫലങ്ങളും കണ്ടെത്താൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരേ ഡോ. സീമ സിങ്, മേഘൻ, വിക്രം സിങ് എന്നിവർ നൽകിയ ഹർജിയിലാണ് കേന്ദ്രം മറുപടി നൽകിയത്. വാട്‌സാപ്പിന്റെ സ്വകാര്യതാ നയം 2011-ലെ ഐ.ടി. ചട്ടത്തിന്റെ ലംഘനമാണെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.