ന്യൂ‍ഡൽഹി: വ്യാജസന്ദേശങ്ങൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഖ്യപത്രങ്ങളിൽ ബോധവത്കരണ പരസ്യങ്ങൾനൽകി വാട്സാപ്പ്. വാട്സാപ്പിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ കാരണമുണ്ടാകുന്ന കൊലപാതകങ്ങളാണ് ഇത്തരത്തിലുള്ള പരസ്യം നൽകാൻ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെ പ്രേരിപ്പിച്ചത്.

‘വ്യാജ പ്രചാരണങ്ങൾക്കെതിരേ ഒരുമിച്ച്‌ പൊരുതാം’ എന്ന തലക്കെട്ടിലാണ് ഇംഗ്ലീഷ് പത്രങ്ങളിൽ ചൊവ്വാഴ്ച വാട്സാപ്പ് പരസ്യം നൽകിയത്. ഉപയോക്താവിന്‌ ലഭിക്കുന്ന സന്ദേശം സത്യമാണോയെന്ന്‌ ഉറപ്പിച്ചതിനുശേഷമേ മറ്റൊരാൾക്ക്‌ അയയ്ക്കാവൂ എന്നതുൾപ്പെടെ വിവിധ അഭ്യർഥനകളും നിർദേശങ്ങളുമാണ് പരസ്യത്തിലുള്ളത്.

‘വ്യാജസന്ദേശങ്ങളും കിംവദന്തികളും എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് അറിവുനൽകുന്ന പ്രചാരണപരിപാടികളാണ്‌ നടത്തുന്നത്. ഇതിന്റെ ആദ്യപടിയായാണ് പത്രങ്ങളിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റു ഭാഷകളിലും പരസ്യം നൽകുന്നതെ’ന്ന് വാട്സാപ്പ് വക്താവ് അറിയിച്ചു.

ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രദേശിക പത്രങ്ങളിൽ വരുംദിവസങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കും. ഒരു സന്ദേശം വന്നാൽ അത്‌ കിട്ടിയപടി അയച്ചതാണെന്നും അയച്ചയാൾ സ്വയമുണ്ടാക്കിയതല്ലെന്നും കിട്ടുന്നവർക്ക്‌ മനസ്സിലാക്കാൻകഴിയുന്ന സംവിധാനവും വാട്സാപ്പ് പരീക്ഷിക്കുന്നുണ്ട്.