ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ വിവരസംരക്ഷണത്തിന് നിയന്ത്രണസംവിധാനം തയ്യാറായിവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. വാട്‌സാപ്പ് വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച വിഷയമാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിശോധിക്കുന്നത്. ഈ വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ പരിശോധിക്കേണ്ട നിയമപ്രശ്‌നങ്ങള്‍ പരാതിക്കാരായ കര്‍മണ്യ സിങ്, ശ്രേയ സേത്തി എന്നിവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സമര്‍പ്പിച്ചു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അനുസരിച്ച് ഉപയോക്താക്കളുടെ സന്ദേശങ്ങള്‍, വീഡിയോ, ഫോട്ടോ എന്നിവയിലേക്ക് മറ്റുള്ളവര്‍ക്ക് കടന്നുകയറാനാകുമെന്ന് സാല്‍വെ വാദിച്ചു. എന്നാല്‍, സാല്‍വെയുടെ വാദം തെറ്റാണെന്ന് വാട്‌സാപ്പിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. വാട്‌സാപ്പ് ഉപയോഗിക്കുന്ന സാങ്കേതികവിദ്യപ്രകാരം ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പരാതിക്കാര്‍ നല്‍കിയ ഹര്‍ജിയുടെ സാധുത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചോദ്യംചെയ്തുകൊണ്ട് ഹര്‍ജി നല്‍കിയതായി ഫെയ്‌സ്ബുക്കിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. നിയന്ത്രണനയം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയ സ്ഥിതിക്ക് ഇക്കാര്യം ഇവിടെ പരിഗണിക്കേണ്ട ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ വാദം കേള്‍ക്കുമ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. മേയ് 15-ന് വേനലവധിക്കാലത്താണ് കേസ് വിശദമായി പരിശോധിക്കുന്നത്.