കൊൽക്കത്ത: കോവിഡ് വാക്സിൻ എടുത്തവർക്ക് പശ്ചിമബംഗാൾ സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം. വിഷയം പ്രതിപക്ഷ പാർട്ടികൾ വിവാദമാക്കിയപ്പോൾ 18-44 വയസ്സുള്ളവർക്ക് സംസ്ഥാനം നിർമാതാക്കളിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങി നൽകിയതിനാലാണ് ചിത്രം ഉപയോഗിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.

45 വയസ്സിന് മുകളിലുള്ളവർക്ക് നൽകിയ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുണ്ടെന്ന് നഗരവികസനമന്ത്രി ഫിർഹാദ് ഹക്കീമും പ്രതികരിച്ചു. പഞ്ചാബ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിൻ നേരിട്ടു വാങ്ങിയതിനാൽ അവരവരുടെ മുഖ്യമന്ത്രിമാരുടെ ചിത്രം വെച്ചാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പു സമയത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരേ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ചിത്രം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് തിരഞ്ഞെടുപ്പിനുശേഷമാണ് സർട്ടിഫിക്കറ്റിൽ ചിത്രം ഉപയോഗിക്കാനായത്. തൃണമൂലിന്റെ തരംതാണ രാഷ്ട്രീയത്തിന് തെളിവാണ് സംഭവമെന്ന് ബൻകുര ബി.ജെ.പി. എം.പി. ഡോ. സുഭാഷ് സർക്കാർ പ്രതികരിച്ചു.