ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ഫലം പ്രഖ്യാപിക്കുമ്പോൾ അദ്‌ഭുതം കാണാമെന്നും കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരേ ശക്തമായ അടിയൊഴുക്ക് ഇടത്-കോൺഗ്രസ് ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്.) മുന്നണിക്ക് അനുകൂലമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ ബംഗാൾ തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ ബി.കെ. ഹരിപ്രസാദ് പറഞ്ഞു.

കോൺഗ്രസ് ബംഗാളിൽ പ്രചാരണ രംഗത്ത് ശക്തമല്ലെന്ന പ്രചാരണം ഹരിപ്രസാദ് തള്ളി. ഇത് നാഗ്പുർ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ളവരുടെ കുപ്രചാരണമാണെന്ന് ആർ.എസ്.എസിനെ പേരെടുത്ത് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളും പ്രവർത്തകരും താഴെത്തട്ടിൽ പ്രവർത്തിക്കുന്നതായും അടുത്ത ഘട്ടത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനുശേഷം തൃണമൂൽ കോൺഗ്രസിനെ കോൺഗ്രസ് പിന്തുണയ്ക്കുമോ എന്നത് സാങ്കല്പിക ചോദ്യമാണെന്നും ഇക്കാര്യത്തിൽ എം.എൽ.എമാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.