കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. നദിയ, ഉത്തർ ദിനാജ്പുർ, പൂർബ ബർധമാൻ, 24 പർഗാനാസ്-വടക്ക് ജില്ലകളിലായി 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

ബി.ജെ.പി. അഖിലേന്ത്യാ ഉപാധ്യക്ഷൻ മുകുൾ റോയ് കൃഷ്ണനഗർ ഉത്തറിലും മകൻ ശുഭ്രാംശു റോയ് ബീജ്പുരിലും മത്സരിക്കുന്നുണ്ട്. 20 വർഷത്തിനുശേഷമാണ് മുകുൾ റോയ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. തൃണമൂലിനുവേണ്ടി നടി കൗശാനി മുഖർജിയാണ് മുകുളിന്റെ പ്രധാന എതിർസ്ഥാനാർഥി.

സംസ്ഥാന ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്കും ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ സിൻഹയും ഏറ്റുമുട്ടുന്ന ഹാബ്രയാണ് മറ്റൊരു പ്രധാന മണ്ഡലം. ബാരക്പുരിൽ സംവിധായകൻ രാജ് ചക്രവർത്തി, ദംദം ഉത്തറിൽ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ എന്നിവർ തൃണമൂലിനുവേണ്ടി രംഗത്തുണ്ട്. ചാക്കുലിയയിൽ ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്ന ഫോർവേഡ് ബ്ലോക്കിലെ അലി ഇമ്രാൻ റമീസാണ് ശ്രദ്ധേയനായ മറ്റൊരു സ്ഥാനാർഥി.