ന്യൂഡൽഹി: കോൺഗ്രസുമായി കൈകോർത്ത് ബി.ജെ.പി.ക്കെതിരേ ദേശീയസഖ്യത്തിനു ശ്രമിച്ച ഇടതുപരീക്ഷണം പശ്ചിമബംഗാളിൽ പാളി. ഒറ്റ സീറ്റുപോലും നേടാനാവാതെ ബംഗാളിൽ സമ്പൂർണ തകർച്ച നേരിട്ടതിന്റെ അമ്പരപ്പിലാണ് സി.പി.എമ്മും ഇടതുപക്ഷവും. അതേസമയം, ദേശീയസാന്നിധ്യം നഷ്ടപ്പെടാതെ പാർട്ടിയെ കേരളം കരയേറ്റിയതിൽ ആശ്വസിക്കുകയാണ് നേതൃത്വം.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും സംയുക്ത മോർച്ചയുടെയും പ്രകടനം നിരാശപ്പെടുത്തുന്നതായി സി.പി.എം. പൊളിറ്റ്ബ്യൂറോ (പി.ബി.) സമ്മതിച്ചു. തിരഞ്ഞെടുപ്പുഫലം സ്വയംവിമർശനപരമായി പരിശോധിച്ച് ആവശ്യമായ പാഠം ഉൾക്കൊള്ളുമെന്നും പി.ബി. വ്യക്തമാക്കി. ബി.ജെ.പി.യെ പരാജയപ്പെടുത്താൻ സാധ്യമായ വഴികളാണ് സംസ്ഥാനങ്ങളിൽ ജനങ്ങൾ തേടിയതെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. അതിനാലാണ് കേരളത്തിൽ ഇടതുപക്ഷത്തെ വിജയിപ്പിച്ചത്. ബംഗാളിൽ അതു തൃണമൂലിലേക്കായി. അത് ഇടതുപക്ഷത്തെ പരിക്കേൽപ്പിച്ചു. ബി.ജെ.പി.യെ തോൽപ്പിക്കുക എന്നായിരുന്നു പൊതുവിൽ വോട്ടർമാരുടെ സമീപനമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

ബംഗാളിൽ തൃണമൂലിനും ബി.ജെ.പി.ക്കും ബദലായിട്ടായിരുന്നു ഇടതുപക്ഷവും കോൺഗ്രസും സഖ്യമായിട്ടുള്ള സംയുക്തമോർച്ച. എന്നാൽ, ബി.ജെ.പി.യെ ഉന്നമിട്ടായിരുന്നു തങ്ങളുടെയും മുഖ്യപ്രചാരണമെന്നും അതിന്റെ നേട്ടം തൃണമൂൽ കോൺഗ്രസിനാണ് ലഭിച്ചതെന്നും സി.പി.എം. വൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു. പ്രബലരായ രണ്ടുകക്ഷികൾ തമ്മിലുള്ള ബലാബലത്തിൽ മൂന്നാംസഖ്യം പിന്തള്ളപ്പെട്ടു. ഇങ്ങനെ, സംയുക്തമോർച്ച സൃഷ്ടിച്ച ബി.ജെ.പി. വിരുദ്ധവികാരവും മമതയ്ക്കു മൂന്നാംവട്ടം അധികാരത്തിലേക്കു വഴിവെച്ചെന്നാണ് സി.പി.എം. നിരീക്ഷണം.

മോദി സർക്കാരിനും ബി.ജെ.പി.ക്കും കനത്ത പ്രഹരമേൽപ്പിച്ചതാണ് ജനവിധിയുടെ പ്രാധാന്യമെന്ന് ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ ഡി.എം.കെ. സഖ്യത്തിന്റെ വിജയവും ഇതു പ്രതിഫലിപ്പിക്കുന്നു. പണവും ആൾബലവും ഉപയോഗിച്ചും അധികാരദുർവിനിയോഗം നടത്തിയും തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി.യെ ജനങ്ങൾ പിന്തള്ളി. ജനവിധി ദേശീയരാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കുമെന്നും കേന്ദ്രവിരുദ്ധ ജനകീയപ്രക്ഷോഭങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നുമാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.