ശ്രീനഗർ: അമർനാഥ് തീർഥാടകർക്കെതിരേ പാകിസ്താൻ സൈന്യത്തിന്റെ ഒത്താശയോടെ ആക്രമണത്തിനു ഭീകരർ തയ്യാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സൈന്യവും സംസ്ഥാനഭരണകൂടവും കനത്ത ജാഗ്രത പ്രഖ്യാപിച്ചു. യാത്ര വെട്ടിച്ചുരുക്കി എത്രയും പെട്ടെന്നു താഴ്‌വര വിടാൻ അമർനാഥ് തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും സംസ്ഥാനസർക്കാർ നിർദേശം നൽകി.

തീർഥാടനപാതയിൽ സൈന്യം നടത്തിയ തിരച്ചിലിൽ പാകിസ്താൻ ഓർഡനൻസ് ഫാക്ടറിയിൽ നിർമിച്ച കുഴിബോംബും ടെലിസ്കോപിക് എം.24 അമേരിക്കൻ സ്നൈപ്പർ റൈഫിളും കണ്ടെത്തിയെന്ന്‌ കരസേനയുടെ 15-ാം കോറിന്റെ കമാൻഡർ ലെഫ്. ജനറൽ കെ.ജെ.എസ്. ധില്ലൻ അറിയിച്ചു. തീർഥാടകരെ ലക്ഷ്യമിട്ടു കുഴിബോംബ്, ഐ.ഇ.ഡി. സ്ഫോടനം നടത്താൻ ഭീകരർ ലക്ഷ്യമിടുന്നെന്ന രഹസ്യവിവരമാണു ലഭിച്ചത്. മൂന്നുനാലുദിവസമായി തുടരുന്ന പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. രഹസ്യാന്വേഷണ വിവരങ്ങൾ സ്ഥിരീകരിക്കുന്നവിധത്തിൽ ആയുധങ്ങൾ ലഭിച്ചതോടെയാണു തീർഥാടകരെയും വിനോദസഞ്ചാരികളെയും ഒഴിപ്പിക്കാൻ തീരുമാനിച്ചത്.

ഭീകരാക്രമണത്തിൽ പാക് സൈന്യത്തിനു നേരിട്ടുള്ള ബന്ധമാണു പിടിച്ചെടുത്ത ആയുധങ്ങൾ സൂചിപ്പിക്കുന്നതെന്നും തിരച്ചിൽ തുടരുകയാണെന്നും ലെഫ്. ജനറൽ ധില്ലൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി സൈന്യത്തിനുനേരെ ആക്രമണമുണ്ടായ ഷോപ്പിയാനിലും പരിശോധന നടക്കുന്നുണ്ട്. കശ്മീരിൽ കഴിഞ്ഞ ഒരു വർഷമായി ഐ.ഇ.ഡി. ഭീഷണി വർധിച്ചുവരുകയാണ്. അടുത്തിടെ പുൽവാമയിലും ഷോപ്പിയാനിലും പത്തിലധികം ഐ.ഇ.ഡി. സ്ഫോടനങ്ങളുണ്ടായി. പാക് സൈന്യം സമാധാനം തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അതനുവദിക്കില്ലെന്നും ലെഫ്. ജനറൽ ധില്ലൻ വ്യക്തമാക്കി.

ജൂലായിൽ ആരംഭിച്ച അമർനാഥ് തീർഥയാത്രയിൽ ഇതുവരെ ഏതാണ്ട് മൂന്നേകാൽ ലക്ഷം പേർ പങ്കെടുത്തു. തീർഥാടനത്തിന് സുരക്ഷയ്ക്കായി വൻ സന്നാഹങ്ങളാണു സൈന്യം ഒരുക്കിയത്. അതിനിടെയാണു ഭീകരാക്രമണ ഭീഷണി. അമർനാഥ് തീർഥാടനം നിർത്തിെവക്കില്ലെന്നും മുൻനിശ്ചയിച്ചപ്രകാരം ഓഗസ്റ്റ് 15 വരെ തുടരുമെന്നും സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു.

അതിനിടെ, സംസ്ഥാനത്തേക്കു കൂടുതൽ സേനയെ വിന്യസിക്കാനുള്ള തീരുമാനത്തിൽ അസ്വാഭാവികമായൊന്നുമില്ലെന്നു കേന്ദ്രസർക്കാർ ഡൽഹിയിൽ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷ, പരിശീലനങ്ങൾ തുടങ്ങിയവ കണക്കിലെടുത്തുള്ള ഈ നടപടികൾ പതിവാണെന്നും ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. 25,000 അർധസൈനികരെ കൂടി സംസ്ഥാനത്തേക്കു വിന്യസിച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്.

Content Highlights: Weapons in Amarnath route