ബെംഗളൂരു: ഗുജറാത്തിലെ ദളിത് നേതാവും എം.എല്‍.എ.യുമായ ജിഗ്നേഷ് മേവാനിയും വിദ്യാര്‍ഥിനേതാവായ കനയ്യകുമാറും കര്‍ണാടകത്തില്‍ ബി.ജെ.പി.ക്കെതിരേ പ്രചാരണത്തിനിറങ്ങും. ഏപ്രിലില്‍ 20 ദിവസം ഇരുവരും കര്‍ണാടകത്തിലുണ്ടാകും. ബി.ജെ.പി.ക്കെതിരേ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.
 
ഭരണഘടന സംരക്ഷിക്കാന്‍ ആശയങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ദളിതരുടെ വോട്ടുകള്‍ ബി.ജെ.പി.ക്ക് ലഭിക്കില്ലെന്ന് ഉറപ്പുവരുത്തും. കോണ്‍ഗ്രസിനും ജനതാദള്‍-എസിനും വേണ്ടി വോട്ടുചോദിക്കില്ല. മറിച്ച് ബി.ജെ.പി.ക്ക് വോട്ടുചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും. സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനത്തോളം ദളിതരുണ്ട്. ദളിതരുടെ 20 വോട്ടുപോലും ബി.ജെ.പി.ക്ക് ലഭിക്കരുതെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മാതൃകയില്‍ സഖ്യമുണ്ടാക്കാമെന്ന ദളിത് നേതാക്കളുടെ ആവശ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഇത്തരമൊരു സഖ്യത്തിന്റെ ആവശ്യമില്ലെന്നാണ് സിദ്ധരാമയ്യ യുവനേതാക്കളെ അറിയിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പിനുമുന്നോടിയായി രൂപവത്കരിച്ച മതേതരകൂട്ടായ്മ വിജയമായിരുന്നു.
 
ഇത്തരത്തിലുള്ള സഖ്യത്തിനുവേണ്ടി ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും മേവാനി പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മൂന്നാഴ്ച സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുമെന്ന് കനയ്യകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പുരോഗമനവാദികളും പ്രചാരണത്തിന് പിന്തുണ നല്‍കുമെന്നറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാനാണ് കനയ്യയും ജിഗ്നേഷ് മേവാനിയും ബെംഗളൂരുവിലെത്തിയത്. കര്‍ണാടകത്തില്‍ സ്വതന്ത്ര ദളിത് കൂട്ടായ്മക്കും ഇവര്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്. 24 ശതമാനം വരുന്ന ദളിത് പിന്നാക്കവിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളെ ഒഴിവാക്കി ദളിത് കൂട്ടായ്മ രൂപവത്കരിക്കുന്നതിനോട് കോണ്‍ഗ്രസിനും യോജിപ്പില്ല.
 
ഗുണംചെയ്യുമെന്ന് കോണ്‍ഗ്രസ്ധ/ആീഹറപ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദളിത് പുരോഗമനവാദികളുടെ പ്രചാരണം ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ജിഗ്നേഷ് മേവാനി, കനയ്യകുമാര്‍ എന്നിവരോടൊപ്പം നടന്‍ പ്രകാശ് രാജും പ്രചാരണത്തിനുണ്ടാകും. കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കുന്നില്ലെങ്കിലും ബി.ജെ.പി.ക്കെതിരേയുള്ള പ്രചാരണം നേട്ടമായേക്കും. പുരോഗമന എഴുത്തുകാരും നടന്മാരും അടങ്ങുന്ന സംഘം വരുംദിവസങ്ങളില്‍ ബി.ജെ.പി.യ്‌ക്കെതിരേ രംഗത്തിറങ്ങും. കരകൗശല ഉത്പന്നങ്ങള്‍ക്ക് ചരക്ക്-സേവന നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങളും ബി.ജെ.പി.ക്ക് തിരിച്ചടിയാകും. നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രസന്നയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പിനുമുന്നോടിയായി പദയാത്ര നടത്താനാണ് പ്രസന്നയുടെ തീരുമാനം.