മുംബൈ: ഭീമ കൊറെഗാവ് കേസിൽ വിചാരണ കാത്തുകഴിയവേ മരിച്ച ഫാ. സ്റ്റാൻ സ്വാമി ഉത്കൃഷ്ട വ്യക്തിയായിരുന്നെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് തികഞ്ഞ ആദരവുണ്ടെന്ന് ജസ്റ്റിസ് എസ്.എസ്. ഷിന്ദേയും ജസ്റ്റിസ് എൻ.എം. ജമാദാറുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേ സ്റ്റാൻ സ്വാമി മരിച്ചതിനെക്കുറിച്ചുള്ള മജിസ്റ്റീരിയൽ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ഫാ. ഫ്രേസർ മസ്‌കരൻസാസിനെയും പങ്കാളിയാക്കണമെന്നും അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും അഭിഭാഷകൻ മിഹിർ ദേശായി ആവശ്യപ്പെട്ടപ്പോഴാണ് ഹൈക്കോടതി ജഡ്ജിമാർ മനസ്സുതുറന്നത്. ജൂലായ് അഞ്ചിന് ഇതേ ബെഞ്ച് സ്റ്റാൻ സ്വാമിയുടെ ഹർജി പരിഗണിക്കുമ്പോഴാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ മരണവാർത്ത കോടതിയെ അറിയിച്ചത്.

‘‘സ്റ്റാൻ സ്വാമിയുടെ മരണവാർത്ത കേട്ട് ഞങ്ങൾ ഞെട്ടിപ്പോയി. അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായിരുന്നു അത്. അതറിഞ്ഞപ്പോഴുള്ള ഞങ്ങളുടെ ചിന്തകൾ കോടതിയുത്തരവിൽ പ്രകടിപ്പിക്കാനാവുമായിരുന്നില്ല’’ -ജസ്റ്റിസ് ഷിന്ദേ പറഞ്ഞു. നിയമത്തിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയായാലും ഈ സമൂഹത്തിനുവേണ്ടി സ്റ്റാൻ സ്വാമി ചെയ്ത കാര്യങ്ങളോട് തികഞ്ഞ ആദരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ കാരണം കോടതിക്കു കൈക്കൊള്ളാവുന്ന തീരുമാനങ്ങൾക്ക് പരിമിതിയുണ്ടായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തുറന്നമനസ്സോടെ കോടതിയിലെത്തുന്നതിനുവേണ്ടി സാധാരണഗതിയിൽ ടെലിവിഷൻ കാണാറില്ലെന്ന് ജസ്റ്റിസ് ഷിന്ദേ പറഞ്ഞു. പക്ഷേ, സ്റ്റാൻ സ്വാമിയുടെ ശവസംസ്കാരച്ചടങ്ങുകൾ പൂർണമായും കണ്ടു. ‘സംസ്കാരച്ചടങ്ങിന്റെ സമയം അറിയാമായിരുന്നു. ഞാനതു കണ്ടു. സൗമ്യവും ഉത്കൃഷ്ടവുമായിരുന്നു ആ ചടങ്ങ്. തികഞ്ഞ ആദരവോടെയാണ് ചടങ്ങിൽ പങ്കെടുത്തവർ അദ്ദേഹത്തെപ്പറ്റി സംസാരിച്ചത്’’ -അദ്ദേഹം പറഞ്ഞു.

സ്റ്റാൻ സ്വാമിയുടെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും അദ്ദേഹത്തിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ഷിന്ദേ പറഞ്ഞു. ഇതേ കേസിൽ കുറ്റാരോപിതനായ വരവരറാവുവിന് ജാമ്യം അനുവദിച്ചത് ഇതേ ബെഞ്ചാണെന്ന കാര്യം ആരും ഓർക്കാറില്ല. മറ്റൊരു കുറ്റാരോപിതനായ ഹാനി ബാബുവിന് അദ്ദേഹം ആവശ്യപ്പെട്ട സ്വകാര്യാശുപത്രിയിൽ ചികിത്സതേടാൻ അനുമതി നൽകി. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ആശുപത്രിയിൽ ലഭിച്ച ചികിത്സയെക്കുറിച്ചോ കോടതിയെക്കുറിച്ചോ പരാതിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞിട്ടുള്ളതാണെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.

ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ജെസ്യൂട്ട് പുരോഹിതനായ സ്റ്റാൻ സ്വാമിയെ റാഞ്ചിയിൽനിന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റുചെയ്തത്. ഭീമ കൊറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിന് പുണെയ്ക്കടുത്ത് കൊറെഗാവിലുണ്ടായ സംഘർഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എൽഗാർ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്വാമി ഉൾപ്പെടെയുള്ള മനുഷ്യാവകാശപ്രവർത്തകരുടെപേരിൽ കേസെടുത്തത്.