ന്യൂഡല്‍ഹി: ആണവക്കരാറിന്റെ പേരില്‍ യു.പി.എ. സര്‍ക്കാരിനെതിരേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെടുത്താന്‍ സ്വതന്ത്ര എം.പി.യായിരുന്ന തനിക്ക് കോൺഗ്രസ് കോടികളുടെ കോഴ വാഗ്ദാനംചെയ്തെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ.

യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് യു.എ.പി.എ. നിയമഭേദഗതിക്ക് അനുകൂലമായി വോട്ടു ചെയ്യാത്തതിന്റെ പേരില്‍ സി.പി.എം. കാരണംകാണിക്കൽ നോട്ടീസ് നൽകിയെന്നും അദ്ദേഹം പറയുന്നു. ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ. താന്‍ പത്രത്തില്‍ എഴുതിത്തുടങ്ങിയതിന്റെ 60-ാം വാര്‍ഷികദിനമായ വ്യാഴാഴ്ച പുസ്തകം പുറത്തിറങ്ങുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ‘മാതൃഭൂമി’യോടു പറഞ്ഞു.

പുസ്തകത്തിൽനിന്ന്:

“യു.പി.എ. സര്‍ക്കാരിനു ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രണബ് മുഖര്‍ജി ഏറ്റെടുത്തു. ഭൂരിപക്ഷം ഉറപ്പിക്കുകയെന്നു പറഞ്ഞാല്‍ കുറെ എം.പി.മാരെ ചാക്കിലാക്കുക എന്നാണര്‍ഥം. ഒരു സായാഹ്നത്തില്‍ പ്രത്യേകിച്ചു പരിപാടിയൊന്നുമില്ലാതെ നമ്പര്‍ 20, ആര്‍.പി. റോഡില്‍ തനിച്ചിരിക്കുമ്പോള്‍ ‘ചാക്കു’മായി രണ്ടുപേര്‍ വന്നു. പ്രണബിന്റെ നിര്‍ദേശപ്രകാരമാണ് വരവെന്നു വിശദീകരിക്കപ്പെട്ടു. സ്വതന്ത്ര എം.പി. എന്ന നിലയില്‍ വിപ്പ് ലംഘനം ഉണ്ടാവാത്തതിനാല്‍ ഞാന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യണം. കഴിയില്ലെങ്കില്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കണം. രണ്ടിനും പ്രതിഫലമുണ്ട്. ചോദ്യക്കോഴയില്‍ എം.പി.മാരെ കുടുക്കിയ സ്റ്റിങ് ഓപ്പറേഷന്‍ പെട്ടെന്ന് ഓര്‍മയില്‍ വന്നതിനാല്‍ പ്രതിഫലം എത്രയെന്നു ചോദിക്കാതെ ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു. അതു സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്ന് അടുത്തദിവസം വയലാര്‍ രവിയെ കണ്ടപ്പോള്‍ മനസ്സിലായി. പ്രണബിന്റെ ലിസ്റ്റില്‍നിന്ന് എന്റെ പേര് നീക്കംചെയ്യിച്ചതായി എന്നെ അറിയാവുന്ന രവി പറഞ്ഞു. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു വയലാര്‍ രവി. പ്രണബിന്റെ ദൂതര്‍ കോടികള്‍ എന്നു പറഞ്ഞതായാണ് എന്റെ ഓര്‍മ.”

1998-ലെ തോൽവി

“വി.എസ്. പക്ഷക്കാരനായി തെറ്റിദ്ധരിക്കപ്പെട്ട ഞാന്‍ സി.ഐ.ടി.യു. വിഭാഗത്തിന് അനഭിമതനായി. അവര്‍ കളമശ്ശേരിയില്‍ ഇ. ബാലാനന്ദന്റെ വസതിയില്‍ സമ്മേളിച്ച് തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. എം.എം. ലോറന്‍സും കെ.എന്‍. രവീന്ദ്രനാഥുമുള്‍പ്പെടെ എന്റെ അഭ്യുദയകാംക്ഷികളായ നേതാക്കള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ബൂത്തടിസ്ഥാനത്തില്‍ 50 വോട്ടുവീതം മറിക്കുകയായിരുന്നു വിജയകരമായി നടപ്പാക്കിയ തന്ത്രം. മൊത്തം 1300 ബൂത്തുകളുള്ള മണ്ഡലത്തില്‍ 65,000 വോട്ട് കണക്കനുസരിച്ച് എനിക്കു നഷ്ടപ്പെടുകയും എതിര്‍സ്ഥാനാര്‍ഥിക്കു ലഭിക്കുകയും ചെയ്തു.”

വിപ്പിന്റെ പേരിൽ നടപടി

“2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ആഭ്യന്തരമന്ത്രി പി. ചിദംബരം അവതരിപ്പിച്ച യു.എ.പി.എ. ഭേദഗതിബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് സി.പി.എം. വിപ്പ് നല്‍കി. പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന ആ അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ്ഗുപ്തയും സഭയിലേക്കു പ്രവേശിക്കാതെ സെന്‍ട്രല്‍ ഹാളില്‍ തന്നെയിരുന്നു. മനഃസാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള വിട്ടുനില്‍ക്കല്‍ ഞാന്‍ വാര്‍ത്തയാക്കിയില്ല. പക്ഷേ, പാര്‍ട്ടി അതു ശ്രദ്ധിച്ചു. ബസുദേബ് ആചാര്യയില്‍നിന്ന് എനിക്കൊരു കത്തുകിട്ടി. 2008 ഡിസംബര്‍ 17-ന് സഭയില്‍ നടന്ന വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതിന് കാരണം വിശദീകരിക്കാനായിരുന്നു ആവശ്യം. സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദേശമനുസരിച്ചാണ് കത്തെന്നും 2009 ജനുവരി 15-ന് ബസുദേബ് ആചാര്യ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.”