ബെംഗളൂരു: ലോക്ഡൗൺകാരണം ജർമനിയിൽ മൂന്നുമാസത്തോളം കുടുങ്ങിയ ചെസ് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് ശനിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിലെത്തി. ഫ്രാങ്ക്ഫർട്ടിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിവഴിയാണ് ബെംഗളൂരുവിലെത്തിയത്.

കർണാടകസർക്കാരിന്റെ മാർഗനിർദേശമനുസരിച്ച് ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ കഴിഞ്ഞശേഷം ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങും. പുതിയ മാർഗനിർദേശപ്രകാരം രാജ്യാന്തര യാത്രക്കാർക്ക് ഏഴുദിവസത്തെ ക്വാറന്റീനാണ് നിർദേശിക്കുന്നത്. തുടർന്ന് കോവിഡ് പരിശോധന നെഗറ്റീവായാൽ വീടുകളിലേക്ക് മടങ്ങാം.

ബുണ്ടസ് ലിഗ ചെസ് ലീഗിൽ പങ്കെടുക്കുന്നതിനാണ് വിശ്വനാഥൻ ആനന്ദ് ജർമനിയിലേക്കു പോയത്. ഇന്ത്യയിലേക്ക് മടങ്ങാനിരിക്കേയാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ വന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ടൂർണമെന്റും പാതിവഴിയിൽ നിർത്തിവെച്ചു. തുടർന്ന് ഫ്രാങ്ക്ഫർട്ടിലെ ബാഡ് സോഡനിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെ കാൻഡിഡേറ്റ്‌സ് ടൂർണമെന്റിന് ഓൺലൈൻ കമന്ററിയും നൽകിയിരുന്നു. ഏപ്രിൽ 11-ന് മറ്റ് ഇന്ത്യൻ ചെസ് താരങ്ങളുമായി ഓൺലൈൻ ചെസ് ടൂർണമെന്റ് നടത്തി കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തിയിരുന്നു. ടൂർണമെന്റിലൂടെ ലഭിച്ച തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി.

content highlights: viswanathan anand returned from germany