ന്യൂഡൽഹി: പെഗാസസ് ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഇന്ത്യയിൽ ഫോൺ ചോർത്തപ്പെട്ടവരെക്കുറിച്ചുള്ള നാലാംഘട്ട വെളിപ്പെടുത്തൽ ബുധനാഴ്ച പുറത്തുവന്നു.

പൗരത്വ നിയമത്തിനെതിരേ അസമിൽ പ്രക്ഷോഭം നയിച്ച നേതാക്കളുടെ ഫോണുകൾ, മഹാരാഷ്ട്രയിൽ ജനിതകമാറ്റം വരുത്തിയ പരുത്തി വിത്തുകളുടെ വിൽപ്പന വിവാദത്തിൽ ഉൾപ്പെട്ട മൊൺസാന്റോയെന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഉദ്യോഗസ്ഥരുടെ ഫോണുകൾ എന്നിവയും പുതിയ പട്ടികയിൽപ്പെടുന്നു. ഇതിനുപുറമേ, കേരളത്തിൽ നിപ വൈറസ് രോഗഭീതി പരത്തിയ നാളുകളിൽ പ്രമുഖ വൈറോളജിസ്റ്റായ ഗഗൻദീപ് കാംഗിന്റെയും ആരോഗ്യ സന്നദ്ധസംഘടനാ പ്രവർത്തകരുടെയും ഫോണുകളും ചോർത്തിയെന്ന് പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തി.

2018 മേയിൽ കോഴിക്കോട് ജില്ലയിൽ നിപ പൊട്ടിപ്പുറപ്പെട്ട സമയത്തായിരുന്നു ചോർത്തൽ. യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (സി.ഡി.എസ്.) ഇന്ത്യക്കാരും വിദേശികളുമായ പ്രവർത്തകരുടെ ഫോൺ നമ്പറുകളും ഇക്കാലയളവിലെ ചോർത്തൽ പട്ടികയിലുണ്ട്. ഭാവിയിൽ രോഗബാധയുണ്ടാകാതിരിക്കാനായി രോഗം ഭേദമായ ചിലരുടെ രക്തസാംപിളുകൾ ന്യൂഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ജനറ്റിക് എൻജിനിയറിങ് ആൻഡ് ബയോടെക്‌നോളജി, ഫരീദാബാദിലെ ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി പങ്കുവെക്കാൻ ഗഗൻ കാംഗ് അന്ന് ഐ.സി.എം.ആറിനോട് അഭ്യർഥിച്ചിരുന്നു.

നോർവേ ആസ്ഥാനമായ സി.ഇ.പി.ഐ. എന്ന ഫൗണ്ടേഷന്റെ സഹായത്തോടെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാണിവ. എന്നാൽ, തന്റെ അന്നത്തെ അഭ്യർഥന ഐ.സി.എം.ആർ. അംഗീകരിച്ചില്ലെന്ന് സി.ഇ.പി.ഐ.യുടെ ബോർഡ് അംഗം കൂടിയായ ഗഗൻദീപ് പറഞ്ഞു.

നിപ വൈറസുകൾക്ക് ആന്റിബോഡി തീർക്കാനുള്ള പ്രവർത്തനം നടത്താൻ ശേഷിയുള്ള ഇന്ത്യയിലെ രണ്ടു സ്ഥാപനങ്ങൾ ഇവ മാത്രമായതുകൊണ്ടാണ് താൻ ഈ അഭ്യർഥന മുന്നോട്ടുവെച്ചതെന്നും അവർ പറഞ്ഞു. എന്നാൽ, ഗഗൻദീപിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി ചോർത്തൽ സ്ഥിരീകരിച്ചിട്ടില്ല.

ഇക്കാലയളവിൽത്തന്നെ നിപ വൈറസിനെക്കുറിച്ച് നിരീക്ഷണം നടത്തിയിരുന്ന മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഒരു വിദഗ്ധന്റെ ഫോണും ചോർത്തിയിട്ടുണ്ടെന്ന് പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.