ചെന്നൈ: ഡി.എം.ഡി.കെ. നേതാവ് വിജയകാന്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും അപകീര്‍ത്തിക്കേസ് നല്‍കി. ചെന്നൈയിലെ പ്രളയത്തിനു കാരണം ജയലളിതയാണെന്ന വിജയകാന്തിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസെന്ന് സിറ്റി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.എല്‍. ജഗന്‍ പറഞ്ഞു. ''അസാധാരണമഴയാണ് പ്രളയത്തിനു കാരണമായത്. ഇതിന് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതു ശരിയല്ല'' -ജഗന്‍ പറയുന്നു.

പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാറിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഇക്കണോമിക് ടൈംസിനെതിരെയും ജയലളിതസര്‍ക്കാര്‍ അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു.

തമിഴ്‌നാട്ടില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. വിജയകാന്തിനെതിരെ നിരവധി അപകീര്‍ത്തിക്കേസുകളുണ്ട്. ഇതിനെതിരെ വിജയകാന്ത് നല്‍കിയ അപ്പീല്‍ കേള്‍ക്കവെ ജസ്റ്റിസുമാരായ ദീപക് മിശ്രയും പ്രഫുല്ല സി. പാന്തുമടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ചത്. ഭരണത്തിനെതിരെയുള്ള വിമര്‍ശം വ്യക്തിപരമായി കാണരുതെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.