മുംബൈ: പ്രവർത്തനം നിർത്തിയ കിങ്ഫിഷർ എയർലൈൻസിന്റെ ആസ്ഥാനമായിരുന്ന കിങ്ഫിഷർ ഹൗസ് വാങ്ങാൻ ഒടുവിൽ ആളെത്തി. ഒമ്പതാംവട്ടം നടന്ന ലേല ശ്രമത്തിൽ 52.25 കോടി രൂപയ്ക്ക് ഹൈദരാബാദ് ആസ്ഥാനമായുള്ള സാറ്റേൺ റിയാൽറ്റേഴ്സ് ആണ് വിജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിങ്ഫിഷർ ഹൗസ് വാങ്ങിയത്.

മുംബൈ വിമാനത്താവളത്തിനടുത്ത് വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയോടു ചേർന്ന് 17,074 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടത്തിന് 150 കോടി രൂപയാണ് വില കണക്കാക്കുന്നത്. 2016-ൽ ലേലത്തിലൂടെ വിൽക്കാനുള്ള ആദ്യശ്രമത്തിൽ 135 കോടിരൂപയാണ് മതിപ്പുവില കണക്കാക്കിയിരുന്നതെങ്കിലും ആരും വാങ്ങാനെത്തിയില്ല. പിന്നീട് എട്ടുതവണയായി മതിപ്പുവില കുറച്ച് ലേലം നടത്തി പരാജയപ്പെട്ടു. മാർച്ചിൽ നടന്ന ഒമ്പതാംശ്രമത്തിൽ 52 കോടി രൂപയാണ് മതിപ്പുവിലയായി നിശ്ചയിച്ചിരുന്നത്. ബെംഗളൂരുവിലെ ഡെറ്റ് റിക്കവറി ട്രിബ്യൂണൽ (ഡി.ബി.ടി.) ആണ് വിൽപ്പന നടപടികൾക്ക് നേതൃത്വം നൽകിയത്. ജൂലായ് അവസാനത്തോടെ വസ്തുവിന്റെ കൈമാറ്റം പൂർത്തിയാക്കിയതായും സ്റ്റാംപ് ഡ്യൂട്ടിയായി 2.61 കോടി രൂപ സാറ്റേൺ റിയാൾറ്റേഴ്സ് നൽകിയതുമായാണ് വിവരം.

ഇതോടെ വിജയ് മല്യയുടെ ആസ്തികൾ വിറ്റതു വഴി ബാങ്കുകൾ ആകെ 7,250 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. യുണൈറ്റഡ് ബ്രൂവറീസിലെ മല്യയുടെ ഓഹരികൾ വിറ്റതുവഴിയാണ് 5,900 കോടി രൂപയും ലഭിച്ചത്.

Content Highlight: Vijay Mallya's Kingfisher finally sold for Rs 52.25 Crore