ന്യൂഡൽഹി: ബാങ്കുകളിൽനിന്ന് സഹസ്രകോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കുകടന്ന വ്യവസായി വിജയ് മല്യയെ മുംബൈയിലെത്തിക്കും.

സി.ബി.ഐ.യുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) ഉദ്യോഗസ്ഥർ ലണ്ടനിൽനിന്ന് മല്യയെ അനുഗമിക്കും. മുംബൈ വിമാനത്താവളത്തിലെത്തിക്കുന്ന അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ആർതർ റോഡ് ജയിലിലാകും മല്യയെ പാർപ്പിക്കുകയെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ടുചെയ്തു.

രാത്രിയിലാണ് എത്തുന്നതെങ്കിൽ പരിശോധനയ്ക്കുശേഷം മുംബൈയിലെ സി.ബി.ഐ. ഓഫീസിലേക്കു കൊണ്ടുപോകും. പിന്നീട് കോടതിയിൽ ഹാജരാക്കും. പകലാണ് എത്തുന്നതെങ്കിൽ നേരെ കോടതിയിൽ ഹാജരാക്കും. അവിടെനിന്ന് സി.ബി.ഐ. കസ്റ്റഡിയിൽ വാങ്ങും. പിന്നീട് ഇ.ഡി.യും കസ്റ്റഡിയിൽ ആവശ്യപ്പെടും.

മല്യയെ ഇന്ത്യക്കു കൈമാറാൻ മേയ് 14-ന് ബ്രിട്ടനിലെ ഉന്നതകോടതി ഉത്തരവിട്ടിരുന്നു. 17 ബാങ്കുകളിൽനിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് 2016 മാർച്ചിൽ അദ്ദേഹം രാജ്യംവിട്ടത്. നീണ്ടനിയമപോരാട്ടത്തിനുശേഷമാണ് മല്യയെ ഇന്ത്യക്കു വിട്ടുകിട്ടുന്നത്.

ഇന്ത്യക്കു കൈമാറുന്നതിനെതിരേ മല്യ നൽകിയ അപ്പീലിൽ 2018 ഓഗസ്റ്റിൽ വാദംകേട്ട കോടതി, അദ്ദേഹത്തെ കൈമാറിയാൽ ഏതു ജയിലിലാണ് പാർപ്പിക്കുകയെന്ന് അന്വേഷണ ഏജൻസികളോടു ചോദിച്ചിരുന്നു. മുംബൈയിൽ അതിസുരക്ഷയിലാകും തടവിലാക്കുകയെന്നാണ് ഏജൻസികൾ നൽകിയ മറുപടി.

Content Highlight: Vijay Mallya brought back to India