ചെന്നൈ: ചലച്ചിത്ര നടൻ വിജയ്‌യുടെ ആരാധകസംഘടനയ്ക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. ഗ്രാമപ്പഞ്ചായത്തുകളിലേക്ക് മത്സരിച്ച 160 സ്ഥാനാർഥികളിൽ 110 പേർ വിജയിച്ചു. ഗ്രാമപ്പഞ്ചായത്തുകളിൽ രാഷ്ട്രീയകക്ഷി അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പില്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാർഥികളായാണ് വിജയ് മക്കൾ ഇയക്കം അംഗങ്ങൾ മത്സരിച്ചത്.

തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതിമയ്യത്തിന് വൻതിരിച്ചടിയാണ് ലഭിച്ചത്. വിജയ് മക്കൾ ഇയക്കം തിളക്കമാർന്ന വിജയം കൈവരിച്ചതോടെ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ആരാധകർ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളിൽ സർവേയും തുടങ്ങി.

ഒൻപത് ജില്ലാപഞ്ചായത്തുകളും പഞ്ചായത്ത് യൂണിയനുകളും ഡി.എം.കെ. തൂത്തുവാരിയെങ്കിലും വിജയ്‌യുടെ ആരാധകർ പ്രതീക്ഷയിലാണ്. രാഷ്ട്രീയത്തിന്റെ പേരിൽ വിജയ് അച്ഛനുമായി തർക്കം തുടരുന്നതിനിടയിലാണ് ഈ വിജയമെന്നതും ശ്രദ്ധേയമാണ്.