ചെന്നൈ: രാഷ്ട്രീയപ്രവേശം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടും അതുകേൾക്കാത്ത പിതാവ് എസ്.എ. ചന്ദ്രശേഖറുമായി നടൻ വിജയ് ഇപ്പോൾ സംസാരിക്കാറില്ലെന്ന് അമ്മ ശോഭ. വിജയിന്റെ പേരിൽ പിതാവ് രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കുന്നതായി വന്ന വാർത്തകളോട് പ്രതികരിച്ച അവർ തനിക്ക് ആ പാർട്ടിയുമായി ബന്ധമില്ലെന്നും പറഞ്ഞു.

ആരാധക സംഘടനയ്ക്കാണെന്നുപറഞ്ഞ് ചില കടലാസുകളിൽ ചന്ദ്രശേഖർ തന്നെക്കൊണ്ട് ഒപ്പ് ഇടുവിച്ചിരുന്നു. എന്നാൽ, അത് സംഘടനയല്ല, പാർട്ടിയാണെന്ന് തിരിച്ചറിഞ്ഞശേഷം ഒപ്പിട്ടിട്ടില്ല. തെറ്റിദ്ധരിച്ച് ആദ്യമിട്ട ഒപ്പ് പിൻവലിച്ചതായും ശോഭ പറഞ്ഞു. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോയെന്ന് വിജയ്‌യോടുതന്നെയാണ് ചോദിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ് ചന്ദ്രശേഖർ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്നപേരിൽ പാർട്ടി രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചത്. പിന്നാലെ, ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ്‌യും വ്യക്തമാക്കി. തന്റെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താൽ നടപടിയെടുക്കുമെന്നും താരം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പാർട്ടി ആരംഭിച്ചത് വിജയ് അറിയാതെയാണെന്നും ഇത് തന്റെ തീരുമാനമാണെന്നുമാണ് ചന്ദ്രശേഖർ പറയുന്നത്. മുമ്പ് താൻ ആരാധകസംഘടന തുടങ്ങിയത് വിജയ്‌യുടെ സമ്മതം വാങ്ങിയല്ലായിരുന്നെന്നും ചന്ദ്രശേഖർ പറഞ്ഞു.

content highlights: Vijay is not in talking terms with father- says mother