ബെംഗളൂരു: ഇന്ത്യയുടെ മൂന്നു സേനകളുടെയും ഏകോപനത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണ് 1971-ൽ പാകിസ്താനുമായുള്ള യുദ്ധത്തിൽ നേടിയ വിജയമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

അധികാരവും ഭൂപ്രദേശവും പിടിച്ചെടുക്കാനല്ലാതെ നടത്തിയ ചുരുക്കംചില യുദ്ധങ്ങളിലൊന്നായിരുന്നു അത്. ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹത്ത്വം സംരക്ഷിക്കുക എന്നതായിരുന്നു ആ യുദ്ധത്തിന്റെ പ്രധാന ലക്ഷ്യം. പാകിസ്താനെതിരായ യുദ്ധവിജയത്തിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി യെലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കുന്ന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീരാമനും ശ്രീകൃഷ്ണനും ലങ്കയിലും മഥുരയിലും ചെയ്ത കാര്യങ്ങളാണ് 1971-ൽ ഇന്ത്യ ബംഗ്ലാദേശിനോട് ചെയ്തത്. പരാജയപ്പെട്ട രാജ്യങ്ങളിലെ കഴിവുള്ള ആളുകൾക്ക് അധികാരം നൽകുകയാണ് ശ്രീരാമനും ശ്രീകൃഷ്ണനും ചെയ്തത്. യുദ്ധം തുടങ്ങിയപ്പോൾ ഇന്ത്യ രാഷ്ട്രീയപരമായും നയതന്ത്രപരമായും സൈനികപരമായും തയ്യാറെടുത്തിരുന്നു. നമ്മളുടെ രാഷ്ട്രീയ-സൈനികനയങ്ങൾ ഏഷ്യയിൽ പുതിയ രാജ്യത്തിന് ജന്മംനൽകി -രാജ്‌നാഥ് സിങ് പറഞ്ഞു.

സുവർണജൂബിലിയുടെ ഭാഗമായുള്ള കോൺക്ലേവ് സേനകളുടെ ഏകോപനത്തിന് നിർണായകമാകും. നമ്മുടെ സൈന്യത്തെ കൂടുതൽ കഴിവുറ്റതും കാര്യക്ഷമവും സ്വാശ്രയവും ആക്കാനുള്ള ശ്രമത്തിലാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഭാവിയിൽ നിർമിതബുദ്ധി, ബൃഹത് വിവര വിശകലനം, നാനോ ടെക്‌നോളജി, ക്വാണ്ടം കംപ്യൂട്ടിങ്‌ തുടങ്ങിയ സാങ്കേതികവിദ്യകളുടെ സാധ്യത യുദ്ധരംഗത്ത് ഉപയോഗപ്പെടുത്താൻ ഇന്ത്യ ലക്ഷ്യമിടണമെന്ന് സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് പറഞ്ഞു. ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രത്തിൽ മാറ്റം വരുത്തിയ സുപ്രധാനസംഭവമാണ് 1971-ലെ യുദ്ധം. യുദ്ധചരിത്രത്തിലെ ഏറ്റവും വേഗമേറിയതും ഹ്രസ്വമേറിയതുമായ വിജയങ്ങളിലൊന്നാണിത്. 93,000 പാകിസ്താനി സൈനികരാണ് കീഴടങ്ങിയത്. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു ഇത്. യുദ്ധാനന്തരം പാകിസ്താന്റെ അധികാരത്തിൽനിന്ന് സ്വതന്ത്രമായി ബംഗ്ലാദേശ് രാജ്യം രൂപവത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധവിജയത്തിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ബ്രോഷർ രാജ്‌നാഥ് സിങ് പുറത്തിറക്കി. ഒക്ടോബർ 24 വരെ നടക്കുന്ന കോൺക്ലേവിൽ പ്രതിരോധമേഖലയിലെ വിദഗ്ധർ പങ്കെടുക്കും. 1971-ലെ യുദ്ധത്തിലെ സുപ്രധാന സംഭവങ്ങൾ കോർത്തിണക്കിയുള്ള ചിത്രപ്രദർശനവും വീഡിയോ ഫിലിമുകളും വ്യോമസേനാ സ്‌റ്റേഷനിൽ രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാർ, കർണാടക റവന്യൂ മന്ത്രി ആർ. അശോക, കർണാടക ചീഫ് സെക്രട്ടറി പി. രവികുമാർ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.